അബുദാബി : യു.എ.ഇ.യിലെ പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനായി പുതിയ ഓൺലൈൻ പോർട്ടൽ ഇന്ന് മുതൽ നിലവിൽ വന്നു. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഇനി മുതൽ ഈ പോർട്ടൽ വഴിയാണ് സ്വീകരിക്കുക. പാസ്‌പോർട്ട് സേവാ പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന ഈ പരിഷ്കാരം, പാസ്‌പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാൻ സഹായിക്കുമെന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും അറിയിച്ചു. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കിയ ഇ-പാസ്‌പോർട്ട്, ആഗോള തലത്തിൽ എമിഗ്രേഷൻ ക്ലിയറൻസ് കൂടുതൽ എളുപ്പമാക്കും.

പുതിയ പോർട്ടലായ https://mportal.passportindia.gov.in/gpsp/AuthNavigation/Login വഴി രജിസ്റ്റർ ചെയ്ത് വിവരങ്ങൾ തെറ്റില്ലാതെ പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാം. വിജയകരമായി അപേക്ഷ പൂർത്തിയാക്കിയ ശേഷം, വീസ/പാസ്‌പോർട്ട് സേവനദാതാക്കളായ ബിഎൽഎസിൽ രേഖകൾ സമർപ്പിക്കാനായി അവരുടെ ലിങ്ക് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. പുതിയ സംവിധാനത്തിൽ, അപേക്ഷയിൽ എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ അധിക നിരക്കില്ലാതെ തിരുത്താനും, ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ എന്നിവ പോർട്ടലിൽ നേരിട്ട് അപ്‌ലോഡ് ചെയ്യാനും അവസരമുണ്ട്. 80-85% മുഖവും തലയും ഉൾപ്പെടുന്നതും വെള്ള പശ്ചാത്തലത്തിലുള്ളതുമായ കളർ ഫോട്ടോയാണ് നിബന്ധന.
