വൻകൂവർ : ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ കൂടുതൽ സ്പീഡ് കാമറകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് മെട്രോ വൻകൂവർ. സുരക്ഷിതമായ യാത്രയ്ക്ക് ഓട്ടോമേറ്റഡ് കാമറകൾ നല്ലതാണെന്ന് മേയർ പാട്രിക് ജോൺസ്റ്റോൺ അഭിപ്രായപ്പെട്ടു. ട്രാഫിക് സ്പീഡ് കാമറകൾ നിരോധിക്കാൻ ഒന്റാരിയോയിൽ നീക്കം നടക്കുന്ന സാഹചര്യത്തിലാണ് മെട്രോ വൻകൂവറിന്റെ ഈ നീക്കം.

അപകടങ്ങൾ കുറയ്ക്കാനും, അതുവഴി എമർജൻസി ഡിപ്പാർട്ട്മെന്റുകളിലെ ജോലിഭാരം കുറയ്ക്കാനും കാമറകൾ സഹായിക്കുമെന്ന് മേയർ പറയുന്നു. കാമറകൾ ‘കാശുണ്ടാക്കാനുള്ള ഉപകരണം’ മാത്രമാണെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞ അദ്ദേഹം, നഗരത്തിലെ പൊലീസ്-ഫയർ വിഭാഗങ്ങളുടെ മൂന്നിലൊന്ന് കോളുകളും റോഡപകടങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി. പിഴയായി ലഭിക്കുന്ന പണം പ്രവിശ്യയുടെ പൊതു വരുമാനത്തിലേക്കാണ് പോകുന്നതെന്നും, നഗരങ്ങൾക്ക് തിരികെ ലഭിക്കുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കാമറകൾ സ്ഥാപിക്കുന്നതിന് പ്രവിശ്യാ അംഗീകാരം ആവശ്യമുള്ളതിനാൽ കൂടുതൽ അധികാരം ലഭിക്കുന്നതിനായി ന്യൂ വെസ്റ്റ്മിൻസ്റ്റർ സിറ്റി പ്രവിശ്യാ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. റോഡുകൾ സുരക്ഷിതമാക്കാൻ ആവശ്യമായ ഡാറ്റ ശേഖരിക്കാനായി സിറ്റിയുടെ നേതൃത്വത്തിൽ വിഷൻ-സീറോ ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചിട്ടുണ്ട്.
