ടൊറന്റോ : ഒന്റാരിയോയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് HST (Harmonized Sales Tax) ഇളവായി പതിനായിരക്കണക്കിന് ഡോളർ ലാഭിക്കാൻ അവസരം ഒരുങ്ങുന്നു. ഫസ്റ്റ്-ടൈം ഹോംബയേഴ്സിനുള്ള HST-യുടെ ഫെഡറൽ സർക്കാറിന്റെ ഭാഗം ഒഴിവാക്കിയാൽ പ്രവിശ്യയും സ്വന്തം വിഹിതം ഒഴിവാക്കുമെന്ന് ഒന്റാരിയോ സർക്കാർ നേരത്തെ സൂചന നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഒന്റാരിയോയുടെ HST റീബേറ്റ് അടുത്ത ആഴ്ചത്തെ ധനകാര്യ പ്രസ്താവനയിൽ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി അറിയിച്ചു.

10 ലക്ഷം ഡോളർ വരെ മൂല്യമുള്ള പുതിയ വീടുകൾക്കും നവീകരിച്ച വീടുകൾക്കും ഈ പൂർണ്ണമായ റീബേറ്റിന് അർഹതയുണ്ടാകും. കൂടാതെ, 15 ലക്ഷം ഡോളർ വരെ മൂല്യമുള്ള വീടുകൾക്ക് ഭാഗികമായ ഇളവുകളും ലഭിക്കും. ഭവന നിർമാണ ലക്ഷ്യങ്ങളിൽ ഒന്റാരിയോ പിന്നിലായ സാഹചര്യത്തിൽ, ഈ നീക്കം പുതിയ വീടുകളുടെ നിർമാണം വർധിപ്പിക്കാൻ സഹായിക്കുമെന്ന് മുനിസിപ്പൽ കാര്യ-ഭവന മന്ത്രി റോബ് ഫ്ലാക്ക് പറഞ്ഞു.
