ടൊറന്റോ : സ്ഥിരമായ തിരഞ്ഞെടുപ്പ് തിയതികൾ എടുത്തുമാറ്റാനുള്ള നിയമനിർമാണവുമായി ഒന്റാരിയോ. അറ്റോർണി ജനറൽ ഡഗ് ഡൗണി ഇതിനായുള്ള ബിൽ അവതരിപ്പിച്ചു. സ്ഥിരം തിയതികൾ ‘അമേരിക്കൻ ശൈലിയിലുള്ള’ രീതിയാണെന്ന അഭിപ്രായത്തെത്തുടർന്നായിരുന്നു നീക്കം. ഈ നിയമം വഴി, മാറുന്ന സാഹചര്യങ്ങളോടും വെല്ലുവിളികളോടും പ്രതികരിക്കാൻ ഒന്റാരിയോയ്ക്ക് കൂടുതൽ എളുപ്പത്തിൽ സാധിക്കുമെന്നും ഡൗണി പറഞ്ഞു.

പുതിയ ബിൽ പ്രാബല്യത്തിൽ വന്നാൽ, അടുത്ത വർഷം മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ഒരാൾക്ക് നൽകാൻ കഴിയുന്ന സംഭാവന പരിധി നിലവിലെ 3,400 ഡോളറിൽ നിന്ന് 5,000 ഡോളറായി ഉയർത്തും. കൂടാതെ, രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന ത്രൈമാസ പൊതു ഫണ്ടിങ് സ്ഥിരമാക്കാനും ഈ നിയമനിർമാണം ലക്ഷ്യമിടുന്നു.

20 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ പ്രീമിയർ ഡാൽട്ടൺ മക്ഗിന്റി നടപ്പിലാക്കിയ നിയമങ്ങൾ പ്രകാരം, അടുത്ത പ്രവിശ്യാ തിരഞ്ഞെടുപ്പ് 2029 ലാണ് നടക്കേണ്ടത്. എന്നാൽ, നിശ്ചിത തീയതികൾ ഉണ്ടായിരുന്നിട്ടും, യുഎസ് താരിഫ് ഭീഷണി നേരിടാൻ പുതിയൊരു ജനവിധി ആവശ്യമാണെന്ന് പറഞ്ഞ പ്രീമിയർ ഡഗ് ഫോർഡ്, ഈ വർഷം ആദ്യം ഫെബ്രുവരിയിൽ – ജൂണിൽ നിശ്ചയിച്ച തീയതിക്ക് മുൻപായി – വോട്ടെടുപ്പ് നടത്തിയിരുന്നു.
