ഓട്ടവ : റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത് കാനഡ. റഷ്യ രഹസ്യമായി എണ്ണ കടത്താൻ ഉപയോഗിക്കുന്ന, രജിസ്റ്റർ ചെയ്യാത്ത നാനൂറിലധികം കപ്പലുകൾക്കെതിരെയാണ് നടപടി. യുക്രെയ്‌ൻ യുദ്ധത്തിന് റഷ്യയ്ക്ക് ലഭിക്കുന്ന ധനസഹായം തടയുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ, ഇൻഷുറൻസ് ഇല്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഈ കപ്പലുകൾ ഭാവിയിൽ ആർട്ടിക് സമുദ്രത്തിൽ വലിയ പരിസ്ഥിതി ദുരന്തം സൃഷ്ടിക്കുമെന്ന ആശങ്കയും കാനഡയ്ക്കുണ്ട്.

ജി-7 രാജ്യങ്ങളുമായി ചേർന്ന് കാനഡ നടത്തുന്ന ഈ ശ്രമം, റഷ്യയുടെ എണ്ണക്കടത്തും സാമ്പത്തിക സ്ഥിതിയും ദുർബലമാക്കുന്നുണ്ടെന്ന് സഖ്യകക്ഷികൾ പറയുന്നു. അതേസമയം, റഷ്യൻ കപ്പലുകൾ പുതിയ പേരുകളിലും മറ്റ് രാജ്യങ്ങളുടെ പതാകകളിലും രജിസ്റ്റർ ചെയ്ത് ഉപരോധം മറികടക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് തുടർച്ചയായ വെല്ലുവിളിയാണെങ്കിലും, കാനഡ നയിക്കുന്ന ഈ നടപടികൾ വഴി രാജ്യാന്തര നിയമങ്ങൾ പാലിക്കാത്ത കപ്പലുകളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
