അബുദാബി: യു.എ.ഇ ലോട്ടറിയിൽ എല്ലാവർഷവും ഇന്ത്യക്കാർ ഭാഗ്യവാൻമാരായിട്ടുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും വലിയ മഹാഭാഗ്യവാനായി അബുദാബിയിൽ ജോലി ചെയ്യുന്ന ആന്ധ്രാസ്വദേശിയായ അനിൽകുമാർ ബൊള്ള (29) മാറി. കഴിഞ്ഞ ദിവസം യു.എ.ഇ ലോട്ടറിയുടെ ഏറ്റവും വലിയ സമ്മാനത്തുകയായ 240 കോടി രൂപ (10 കോടി ദിർഹം) യാണ് ബൊള്ള സ്വന്തമാക്കിയത്. തനിക്ക് ലഭിച്ച സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന് എണ്ണി പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഈ കോടിപതി.

ഭാഗ്യവാനാണെന്ന വിവരം അറിഞ്ഞതു മുതൽ ഉറങ്ങിയിട്ടില്ലെന്ന് അനിൽകുമാർ പറഞ്ഞു. എങ്ങനെയെല്ലാം ജീവിതം മാറി മറിയുന്നു എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഈ തുക എങ്ങനെ ചെലവഴിക്കുമെന്നാണ് ആലോചിക്കുന്നത്. ആദ്യം ഒരു സൂപ്പർ കാർ വാങ്ങണം. കൂടാതെ, ഈ വിജയം ഒന്നു കൂടി സ്വയം ബോധ്യപ്പെടുത്താൻ സെവൻസ്റ്റാർ ഹോട്ടലിൽ ഒരു മാസം താമസിക്കണം. പണം എന്തു ചെയ്യണമെന്നതിനെ കുറിച്ച് സമയമെടുത്ത് ആലോചിക്കും. അമ്മയുടെ ജന്മദിനം ആലോചിച്ചാണ് ടിക്കറ്റ് നമ്പർ തിരഞ്ഞെടുത്തത്. വലിയ വിജയത്തിന്റെ താക്കോലായി ഇത് മാറുമെന്ന് ഒരിക്കലും കരുതിയില്ല. സ്വപ്‌നങ്ങൾ ഒരുനാൾ സത്യമാകുമെന്ന് മറ്റുള്ളവരെ ഓർമിപ്പിക്കാൻ തന്റെ ജീവിതകഥ സഹായിക്കുമെന്നും അതിരറ്റ സന്തോഷത്തോടെ അനിൽകുമാർ പറഞ്ഞു.
