Wednesday, October 29, 2025

കാട്ടുതീ പുക: കാനഡയിൽ പ്രതിവർഷം 1,400 മരണം

ഓട്ടവ : ആഗോളതലത്തിലെ കാലാവസ്ഥാ മാറ്റം, കാനഡയുടെ ആരോഗ്യത്തെയും സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. 2020-നും 2024-നും ഇടയിൽ ഓരോ വർഷവും കാട്ടുതീ പുക മൂലം ഏകദേശം 1,400 മരണങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ലാൻസെറ്റ് കൗണ്ട്ഡൗണി​ന്റെ ‌കണക്കുകൾ സൂചിപ്പിക്കുന്നു. 2003-12 കാലഘട്ടത്തെ അപേക്ഷിച്ച് കാട്ടുതീ പുകയുടെ അളവ് ശരാശരി 172% വർധിച്ചു. കൂടാതെ, കഴിഞ്ഞ വർഷത്തെ ഉഷ്ണതരംഗം കാരണം രാജ്യത്തിന് 4 കോടിയിലധികം തൊഴിൽ മണിക്കൂറുകൾ നഷ്ടപ്പെട്ടു. ഇത് 1990-കളിലെ ശരാശരിയേക്കാൾ 136% കൂടുതലാണ്. 140 കോടി ഡോളർ വരുമാന നഷ്ടം കണക്കാക്കുന്നതിൽ ഭൂരിഭാഗവും (മൂന്നിൽ രണ്ട് ഭാഗം) നിർമാണ മേഖലയിലാണ്.

ലോകം വലിയ ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പല ലോക നേതാക്കളും ഹ്രസ്വകാല സാമ്പത്തിക താൽപ്പര്യങ്ങൾക്കായി ശാസ്ത്രീയ തെളിവുകൾ അവഗണിക്കുകയും ഫോസിൽ ഇന്ധന മേഖലയ്ക്ക് അനുകൂലമായി നിലപാട് എടുക്കുകയും ചെയ്യുന്നുണ്ട്. ഇത് പൊതുജനാരോഗ്യത്തിനും ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണ്. കാനഡയിൽ, ചുവന്ന മാംസം, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ അമിത ഉപഭോഗം 2022-ൽ 16,000 മരണങ്ങൾക്ക് കാരണമായെന്നും ഇത് കാർഷിക മേഖലയിലെ എമിഷനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രധാന കാലാവസ്ഥാ സമ്മേളനത്തിന് മുന്നോടിയായാണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!