കാബൂള്‍: മൂന്ന് ദിവസം നീണ്ട സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമെന്ന് സൂചന. തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന ചര്‍ച്ചകളില്‍ പരിഹാര മാര്‍ഗങ്ങള്‍ പരസ്പരം അംഗീകരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയാതെ വന്നതോടെ മേഖല വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണ്.
ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനായി ഒക്ടോബര്‍ 25-നാണ് ചര്‍ച്ചകള്‍ ആരംഭിച്ചതെങ്കിലും ശാശ്വത സമാധാനം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2021-ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരമേറ്റതിന് ശേഷം ഈ മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ഒക്ടോബര്‍ 19-ന് ദോഹയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നുവെങ്കിലും അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ടെഹ്‌രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) തലവനെ ലക്ഷ്യമിട്ട് കാബൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ഒക്ടോബറില്‍ ഏറ്റുമുട്ടലുകള്‍ വീണ്ടും ആരംഭിച്ചത്.
ഇതിനുപിന്നാലെ, 2,600 കിലോമീറ്റര്‍ (1,600 മൈല്‍) നീളമുള്ള അതിര്‍ത്തിയിലെ പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമുട്ടലുകളില്‍ അഞ്ച് പാകിസ്ഥാന്‍ സൈനികരും 25 പാകിസ്ഥാന്‍ താലിബാന്‍ ഭീകരവാദികളും കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ ചര്‍ച്ചകളുടെ പരാജയം മേഖലയിലെ സൈനിക നടപടികള്‍ക്ക് വീണ്ടും വഴി തുറക്കുമെന്നാണ് വിലയിരുത്തല്‍.
