ഓട്ടവ : പ്രമുഖ വാഹനനിർമ്മാതാക്കളായ സ്റ്റെല്ലൻ്റിസ്, ജനറൽ മോട്ടോഴ്‌സ് എന്നിവരുടെ ഇറക്കുമതി താരിഫ് ഇളവുകൾ വെട്ടിക്കുറച്ച് കാനഡ. പുതിയ ജീപ്പ് കോമ്പസ് (Jeep Compass) ഉൽപ്പാദനം ഒൻ്റാരിയോയിൽ നിന്ന് യു എസിലേക്ക് മാറ്റാൻ സ്റ്റെല്ലൻ്റിസ് തീരുമാനിച്ചിരുന്നു. ഒപ്പം ഒൻ്റാരിയോയിൽ മാത്രം നിർമ്മിച്ചിരുന്ന ബ്രൈറ്റ്‌ഡ്രോപ്പ് (BrightDrop) ഇലക്ട്രിക് ഡെലിവറി വാനുകളുടെ ഉൽപ്പാദനം ജനറൽ മോട്ടോഴ്‌സ് നിർത്തലാക്കിയിരുന്നു.

രാജ്യത്ത് വാഹനങ്ങൾ അസംബിൾ ചെയ്യുന്ന നിർമ്മാതാക്കൾക്ക്, നിശ്ചിത ഉൽപ്പാദന നിലവാരം നിലനിർത്തുന്ന പക്ഷം, യു.എസിൽ നിന്ന് ഒരു നിശ്ചിത എണ്ണം വാഹനങ്ങൾ താരിഫ് രഹിതമായി ഇറക്കുമതി ചെയ്യാൻ കാനഡ അനുവദിച്ചിരുന്നു. എന്നാൽ, ഓഷവ, ഇൻഗെർസോൾ എന്നിവിടങ്ങളിലെ ഉത്പാദനം കുറച്ച ജനറൽ മോട്ടോഴ്‌സും ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റിലെ ഉൽപ്പാദന പദ്ധതികൾ റദ്ദാക്കിയ സ്റ്റെല്ലൻ്റിസും ഈ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് ഫെഡറൽ സർക്കാർ പറയുന്നു. ഇതിൻ്റെ ഫലമായി ജനറൽ മോട്ടോഴ്‌സിൻ്റെ വാർഷിക താരിഫ് ഇളവ് 24.2 ശതമാനവും സ്റ്റെല്ലൻ്റിസിൻ്റേത് 50 ശതമാനവുമായി കുറച്ചതായി ഫെഡറൽ സർക്കാർ അറിയിച്ചു.
