ടൊറന്റോ : പ്രവിശ്യയിലെ മൂന്ന് സുപ്രധാന നിയമനിർമാണങ്ങളിൽ പൊതുചർച്ചയും പൊതുജനാഭിപ്രായവും പരിമിതപ്പെടുത്താൻ പദ്ധതിയിട്ട് ഫോർഡ് സർക്കാർ. സ്പീഡ് കാമറകളുടെ നിരോധന ബിൽ, തൊഴിൽ ബിൽ, അടിയന്തര മാനേജ്മെന്റ് ബിൽ എന്നിവയടങ്ങുന്ന റെഡ് ടേപ്പ് റിഡക്ഷൻ ബിൽ അതിവേഗം പാസാക്കാനാണ് സർക്കാർ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ബില്ലുകൾ സാധാരണയായി നടക്കുന്ന കമ്മിറ്റി ഘട്ടം പൂർണ്ണമായി ഒഴിവാക്കുകയും, അന്തിമ ചർച്ചയുടെ സമയം കുറക്കുകയും ചെയ്യും. ഇതോടെ, പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനും ഭേദഗതികൾ വരുത്താനുമുള്ള അവസരം ഇല്ലാതാകും.

സ്പീഡ് കാമറകൾ മുനിസിപ്പാലിറ്റികൾക്ക് പണം പിടുങ്ങാനുള്ള വഴി മാത്രമാണെന്നാണ് ഫോർഡിന്റെ നിലപാട്. എന്നാൽ, ഇവ ജീവൻ രക്ഷിക്കുന്നുണ്ടെന്നും വേഗത കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്നും കമ്മ്യൂണിറ്റികളും, രക്ഷകർത്താക്കളും, പൊലീസ് മേധാവികളും, സിക്ക് കിഡ്സ് ഹോസ്പിറ്റലിലെ ഗവേഷകരും ചൂണ്ടിക്കാണിക്കുന്നു. ഇരുപതിലധികം മേയർമാർ കാമറ പൂർണ്ണമായി നിർത്തലാക്കുന്നതിന് പകരം ഭേദഗതി വരുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താൻ സ്പീഡ് കാമറകളിൽ വിശ്വസിക്കുന്നില്ലെന്നും, സ്പീഡ് ബമ്പുകൾ പോലുള്ള ട്രാഫിക് നിയന്ത്രണ മാർഗ്ഗങ്ങളാണ് കൂടുതൽ ഫലപ്രദമെന്നും ഫോർഡ് ആവർത്തിക്കുന്നു.

അതേസമയം, ഈ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സർക്കാർ തിരക്കുകൂട്ടി നിയമങ്ങൾ പാസാക്കാൻ ശ്രമിക്കുകയാണെന്ന് എൻഡിപി നേതാവ് ജോൺ വാൻതോഫ് കുറ്റപ്പെടുത്തി. ഇത് “ഗ്രൗണ്ട്ഹോഗ് ഡേ” പോലെയാണെന്നും, സർക്കാർ സാധാരണ നടപടിക്രമങ്ങൾ മറികടന്ന് തോന്നിയ പോലെ പ്രവർത്തിക്കുകയാണെന്നും ലിബറൽ പാർലമെന്ററി നേതാവ് ജോൺ ഫ്രേസർ ആരോപിച്ചു.
