ജമൈക്കയില്‍ കനത്ത നാശം വിതച്ച് മെലിസ കൊടുങ്കാറ്റ്. തെക്കുപടിഞ്ഞാറന്‍ ജമൈക്കയിലെ വീടുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും വൈദ്യുതി ലൈനുകളും കൊടുങ്കാറ്റില്‍ തകര്‍ന്നു. ഇന്നലെയാണ് മെലിസ ജമൈക്കയിലെ ന്യൂ ഹോപ്പിന് സമീപം കരതൊട്ടത്. കൊടുങ്കാറ്റ് കരയില്‍ ആഞ്ഞടിച്ചതിനുശേഷം ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജമൈക്ക ടൂറിസം മന്ത്രി എഡ്മണ്ട് ബാര്‍ട്ട്ലൈറ്റ് വ്യക്തമാക്കി. നേരത്തെ, ജമൈക്കയില്‍ മൂന്നുപേരടക്കം ഹെയ്തിയിലും ഡൊമനിക്കന്‍ റിപ്പബ്ലിക്കിലുമായി ആകെ ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മണിക്കൂറില്‍ 297 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റഗറി അഞ്ചില്‍പ്പെട്ട കൊടുങ്കാറ്റായാണ് മെലിസ ആദ്യം തീരത്ത് വീശിയടിച്ചത്. പിന്നീട് ഇത് മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയുള്ള കാറ്റഗറി നാലില്‍പ്പെട്ട കൊടുങ്കാറ്റായി ചുരുങ്ങി. ജമൈക്കയില്‍ പലയിടങ്ങളിലും 76 സെന്റിമീറ്റര്‍ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. ഇത് മിന്നല്‍ പ്രളയങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശമേഖലയിലുള്ളവരോട് നിര്‍ബന്ധിതമായി ഒഴിഞ്ഞുപോകണമെന്ന് പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ് ഉത്തരവിട്ടിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 15,000 പേരെ അടിയന്തര ഷെല്‍ട്ടറുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജമൈക്കയ്ക്ക് ശേഷം കിഴക്കന്‍ ക്യൂബ, ബഹാമാസ്, ടര്‍ക്ക്സ് ആന്‍ഡ് കൈക്കോസ് ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് കൊടുങ്കാറ്റ് നീങ്ങാനാണ് സാധ്യത.
