ജാസ്പര്‍ കൗണ്ടി: തുലെയ്ന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗവേഷണാവശ്യങ്ങള്‍ക്കുള്ള കുരങ്ങുകളുമായി പോയ ട്രക്ക് മറിഞ്ഞ് കുരുങ്ങുകള്‍ രക്ഷപ്പെട്ടു. ഒക്ടോബര്‍ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൈഡല്‍ബര്‍ഗിലാണ് സംഭവം. രക്ഷപ്പെട്ട കുരങ്ങുകളില്‍ ഒന്നിനൊഴികെ ബാക്കിയുള്ളവയെല്ലാം കണ്ടെത്തിയാതായി ജാസ്പര്‍ കൗണ്ടി ഷെരീഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
”സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ഒരു മൃഗങ്ങളെ സംസ്‌കരിക്കുന്ന കമ്പനിയുമായി ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. മിസിസ്സിപ്പി വന്യജീവി & ഫിഷറീസ് വിഭാഗവും ഞങ്ങളുടെ പ്രാദേശിക നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തുണ്ട്. കാണാതായ ഒരൊറ്റ കുരങ്ങിനായുള്ള തിരച്ചില്‍ തുടരുകയാണ്,” പോസ്റ്റില്‍ പറയുന്നു.
40 പൗണ്ട് ഭാരമുള്ള ഈ റീസസ് കുരങ്ങുകളാണ് ട്രക്കിലുണ്ടായിരുന്നത്. ഇവരില്‍ കോവിഡ്, ഹെപ്പറ്റൈറ്റിസ് സി, ഹെര്‍പ്പസ് തുടങ്ങിയ രോഗവാഹകരാണെന്നും ആക്രമണകാരികളാണെന്നും ജാസ്പര്‍ കൗണ്ടി ഷെരീഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. ഈ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (PPE) ധരിക്കേണ്ടതുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ ട്രക്ക് പൂര്‍ണമായും തകര്‍ന്നിരുന്നു. കുരങ്ങുകളെ കൊണ്ടുപോയ ട്രക്കിന്റെ ഡ്രൈവറാണ് മൃഗങ്ങള്‍ ‘അപകടകാരികളാണെന്നും മനുഷ്യര്‍ക്ക് ഭീഷണിയാണെന്നും’ പ്രാദേശിക അധികാരികളെ അറിയിച്ചത്. ‘കാണാതായ ഒരൊറ്റ കുരങ്ങിനായുള്ള തിരച്ചില്‍ തുടരുകയാണ്. കാണാതായ കുരങ്ങിനെ ആരെങ്കിലും കണ്ടാല്‍ ഉടന്‍ 911-ല്‍ വിളിച്ച് പരമാവധി അകലം പാലിക്കണം,” ഷെരീഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കുരങ്ങുകള്‍ പകര്‍ച്ചവ്യാധി സാധ്യതയുള്ളവയാണെന്ന ഷെരീഫ്‌സ് വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തളളി തുലെയ്ന്‍ യൂണിവേഴ്‌സിറ്റി രംഗത്തെത്തി. ‘തുലെയ്ന്‍ നാഷണല്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ മനുഷ്യരല്ലാത്ത പ്രൈമേറ്റുകള്‍ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കായി മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതാണ്. സംശയാസ്പദമായ കുരങ്ങുകള്‍ മറ്റൊരു സ്ഥാപനത്തിന്റേതാണ്, അവയ്ക്ക് പകര്‍ച്ചവ്യാധി സാധ്യതയില്ല,” യൂണിവേഴ്‌സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പ്രാദേശിക അധികാരികളുമായി സജീവമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ സഹായത്തിനായി മൃഗപരിപാലന വിദഗ്ധരുടെ ഒരു ടീമിനെ അയക്കുമെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു.
മനുഷ്യന്റെ ജീനോമുമായുള്ള സാമ്യം കാരണം ഗവേഷണത്തിനും മറ്റുമായി റീസസ് കുരങ്ങുകളെയാണ് ഉപയോഗിക്കുന്നത്. ഒരു പ്രായപൂര്‍ത്തിയായ റീസസ് കുരങ്ങിന് 9 മുതല്‍ 26 പൗണ്ട് വരെയാണ് ഭാരം. 1948-ല്‍ അമേരിക്ക ബഹിരാകാശത്തേക്ക് അയച്ച ആദ്യത്തെ കുരങ്ങായ ആല്‍ബര്‍ട്ട് II, അതുപോലെ മനുഷ്യരിലെ വിവിധ രക്തഗ്രൂപ്പുകള്‍ തിരിച്ചറിയാന്‍ സഹായിച്ച റീസസ് ആന്റിജനുകള്‍ എന്നിവയെല്ലാം റീസസ് കുരങ്ങുകളായിരുന്നു.
