എഡ്മിന്റൻ : നഗരത്തിലെ മെച്ചപ്പെട്ട പ്രവർത്തനത്തിന്, എഡ്മിന്റൻ പൊലീസ് സർവീസിനും (EPS) പുതിയ ചീഫ് വാറൻ ഡ്രീചലിനും നഗരവാസികളിൽ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നതായി സർവേ റിപ്പോർട്ട്. സിറ്റിന്യൂസ് നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 86% പേർ പുതിയ ചീഫിനെ പിന്തുണയ്ക്കുന്നുവെന്ന് കണ്ടെത്തി. കൂടാതെ, ഫ്രണ്ട്-ലൈൻ പൊലീസ് ഓഫീസർമാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് 78% പേർ പറയുന്നു. എന്നാൽ, പൊതു സുരക്ഷയെക്കുറിച്ച് നഗരവാസികൾ ആശങ്ക രേഖപ്പെടുത്തി. സർവേയിൽ പങ്കെടുത്തവരിൽ 73 ശതമാനം പേർ പൊതുഗതാഗത സംവിധാനങ്ങളിൽ അക്രമത്തിന് ഇരയാകുമോ എന്ന് ഭയപ്പെടുന്നതായി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം (41%), കൊലപാതകങ്ങൾ (35%), ഗുണ്ടാ ആക്രമണങ്ങൾ (32%) എന്നിവയാണ് പൊലീസ് ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങളായി പൗരന്മാർ ചൂണ്ടിക്കാട്ടിയത്.

അതേസമയം, പൊലീസിന്റെ പ്രതികരണ സമയം സംബന്ധിച്ചും ജനങ്ങൾ ആശങ്ക ഉന്നയിച്ചു. സഹായം ആവശ്യപ്പെട്ടാൽ പൊലീസ് എത്താൻ വൈകുമോ എന്നതിൽ സംശയമുണ്ടെന്ന് 72 % പേർ പ്രതികരിച്ചു. കൂടാതെ, ജാമ്യത്തിൽ പുറത്തിറങ്ങുന്ന കുറ്റവാളികളോട് കർശന നിലപാട് വേണമെന്ന് ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്നു. 89% പേർ അക്രമാസക്തരായ പ്രതികളെ ജാമ്യത്തിൽ വിടുന്നത് കൂടുതലാണെന്ന് കരുതുന്നു. പൊലീസിന്റെ ബജറ്റ് സംബന്ധിച്ച്, 49% പേർ നിലവിലെ ഫണ്ടിങ് തുടരണമെന്നും കാര്യക്ഷമത വർധിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. 43% പേർ കൂടുതൽ ഫണ്ടിങ് വേണമെന്ന് ആവശ്യപ്പെട്ടു. നഗരവാസികളിൽ 61% പേർ കൂടുതൽ ഫോട്ടോ റഡാർ കാമറകൾ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നു. അതേസമയം, പ്രശ്നബാധിത മേഖലകളിലും പൊതുഗതാഗതത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും EPS അറിയിച്ചു.
