ഹാലിഫാക്സ്: അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്ന രോഗികൾക്കും പരിചരിക്കുന്നവർക്കും ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ഹാലിഫാക്സ് IWK ഹെൽത്ത് സെൻ്റർ. ED Patch എന്നറിയപ്പെടുന്ന പുതിയൊരു ഡിജിറ്റൽ ഉപകരണം പരീക്ഷിച്ച് വികസിപ്പിച്ചിരിക്കുകയാണ് ഹെൽത്ത് സെന്ററിലെ ഗവേഷകർ. “എമർജൻസി ഡിപ്പാർട്ട്‌മെന്റ് പേഷ്യൻ്റ് ആക്ടിവേറ്റഡ് ട്രാൻസിഷൻ ടു കെയർ അറ്റ് ഹോം”(ED Patch) എന്നറിയപ്പെടുന്ന ഈ ടൂൾ അത്യാഹിത വിഭാഗത്തിലെ സന്ദർശന വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിൽ രോഗികളെയും കൂട്ടിരിപ്പുകാരെയും സജീവമായി പങ്കാളികളാക്കാൻ വേണ്ടിയാണ് വികസിപ്പിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു.
രോഗികൾക്ക് ഒരു സ്മാർട്ട്‌ഫോണോ ടാബ്‌ലെറ്റോ ഉപയോഗിച്ച് അവരുടെ രോഗലക്ഷണങ്ങൾ, നടത്തിയ പരിശോധനകൾ, ചികിത്സാ നടപടിക്രമങ്ങൾ തുടങ്ങിയ പ്രധാന വിവരങ്ങൾ കുറിപ്പുകളായി രേഖപ്പെടുത്തിയതിനു ശേഷം വിവരങ്ങൾ രോഗിയുടെയോ പരിചരിക്കുന്നവരുടെയോ ഇമെയിലിലേക്ക് അയയ്ക്കും. ഇതുവഴി മറ്റ് ഡോക്ടർമാരുമായി സംസാരിക്കാനും തുടർ ചികിത്സകൾക്കും എളുപ്പത്തിൽ റഫർ ചെയ്യാൻ കഴിയുന്ന രേഖ ലഭിക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങളോ ചികിത്സാ വിവരങ്ങളോ രോഗികൾക്ക് ഓർത്തെടുക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ഓർമ്മ നിലനിർത്താനുള്ള കഴിവ് മെച്ചപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് ED patch ലക്ഷ്യമിടുന്നത്. ഈ ടൂൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന വ്യക്തത രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും വളരെയധികം ആശ്വാസം നൽകുന്നുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
