ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പിടികൂടിയെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ട സ്‌ക്വാഡ്രൺ ലീഡർ ശിവാംഗി രാഷ്ട്രപതിക്കൊപ്പം റാഫേലിൽ. റഫാൽ യാത്രയ്ക്കുശേഷം രാഷ്ട്രപതി ദ്രൗപദി മുർമു സൈനികർക്കൊപ്പം എടുത്ത ഫോട്ടോയിലാണ് വനിതാ പൈലറ്റ് ശിവാംഗി സിങ് പ്രത്യക്ഷപ്പെട്ടത്. ശിവാംഗി സിങ്ങിനൊപ്പമുള്ള ഫോട്ടോ ഇതുവരെയുള്ള പാക്കിസ്ഥാന്റെ കള്ളപ്രചാരണങ്ങൾക്കുള്ള ശക്തമായ മറുപടിയായി. കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ സ്‌ക്വാഡ്രൺ ലീഡർ ശിവാംഗിയെ പിടികൂടിയെന്നായിരുന്നു പാക്കിസ്ഥാനിലെ പ്രചാരണം.ഓപ്പറേഷനിടെ റഫാൽ വിമാനം തകർത്ത് ശിവാംഗിയെ പിടികൂടി എന്നായിരുന്നു പാക്ക് മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും അവകാശവാദം. ഒട്ടേറെ വ്യാജ വീഡിയോകളും ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പുറത്തുവിട്ടു. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം ഇന്ത്യ തെളിവുകൾ നിരത്തി നിഷേധിച്ചിരുന്നു. ശിവാംഗി രാഷ്ട്രപതിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതോടെ വ്യാജപ്രചാരണങ്ങൾ തകർന്ന് പാക്കിസ്ഥാൻ നാണംകെട്ടു.

വ്യോമസേനയുടെ ഗോൾഡൺ ആരോസ് സ്‌ക്വാഡ്രണിന്റെ ഭാഗമായ ശിവാംഗി റഫാൽ വിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. വാരാണസി സ്വദേശിനിയായ ശിവാംഗി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം നേടിയതിനുശേഷം വ്യോമസേനയിൽ ചേർന്നു. 2020ൽ റഫാൽ പറത്താനുള്ള സംഘത്തിന്റെ ഭാഗമായി. പരിശീലനത്തിനുശേഷം ഗോൾഡൻ ആരോയിലെത്തി. രാജ്യാന്തര എയർഷോകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ഇന്ന് രാവിലെയാണ് ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ താവളത്തിൽ നിന്നു രാഷ്ട്രപതിയുമായി റഫാൽ പറന്നുയർന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്.
