മോസ്‌കോ: ശത്രുക്കളുടെ റഡാറുകളെ കബളിപ്പിക്കുന്ന ആണവക്കരുത്തിന്റെ ബ്രഹ്‌മാസ്ത്രങ്ങൾ ഒളിപ്പിച്ച അണ്ടർവാട്ടർ ഡ്രോൺ റഷ്യ വിജയകരമായി പരീക്ഷിച്ചു. യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുത്തു പരിക്കേറ്റ സൈനികരുമായി സംസാരിക്കുമ്പോഴാണ് പുടിൻ പുതിയ പ്രഖ്യാപനം നടത്തിയത്. 2018-ൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അണ്ടർ വാട്ടർ ഡ്രോണിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തീരപ്രദേശങ്ങൾക്കടുത്ത് പൊട്ടിത്തെറിക്കാനും റേഡിയോ ആക്ടീവ് സുനാമികളെ സൃഷ്ടിക്കാനും ശേഷിയുള്ള വിധത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഗ്രീക്ക് പുരാവൃത്തത്തിലെ സമുദ്രദേവനായ പൊസൈഡണിന്റെ പേരാണ് ഈ ആയുധത്തിന് റഷ്യ നൽകിയത്.

ആണവോർജത്തിൽ പൊസൈഡൺ ഡ്രോൺ പ്രവർത്തിപ്പിച്ചുള്ള പരീക്ഷണം വൻവിജയമാണെന്നും വേഗതയുടെയും ആഴത്തിന്റെയും കാര്യത്തിൽ പൊസൈഡൺ ഡ്രോണിന് പകരമായി മറ്റൊന്നില്ലെന്നും പുടിൻ പറഞ്ഞു. അന്തർവാഹിനികളെ താരതമ്യം ചെയ്യുമ്പോൾ പൊസൈഡണിന് ഇന്ധനം പകരുന്ന ആണവ റിയാക്ടർ നൂറിരട്ടി ചെറുതാണ്. ഇവ സർമത് ഭൂഖണ്ഡാന്തര ആണവ മിസൈലുകളേക്കാൾ കൂടുതലാണെന്നും പുടിൻ അവകാശപ്പെട്ടു. ചൊവ്വാഴ്ച നടന്ന പരീക്ഷണത്തിൽ, പൊസൈഡൺ ഡ്രോൺ ആദ്യമായാണ് ആണവോർജത്തിൽ പ്രവർത്തിച്ചതെന്ന് വ്യക്തമാക്കിയ പുടിൻ പരീക്ഷണം നടന്ന സ്ഥലമോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയില്ല.
