എഡ്മിന്റൻ : ആൽബർട്ടയിൽ മൂന്നാഴ്ചയിലേറെയായി തുടർന്ന അധ്യാപക സമരം അവസാനിച്ചതോടെ 7.4 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇന്ന് ക്ലാസുകളിലേക്ക് മടങ്ങും. ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ച് പ്രവിശ്യാ സർക്കാർ, 51,000 അധ്യാപകരോട് ജോലിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടതിനെ തുടർന്നാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. പല സ്കൂൾ ബോർഡുകളും ക്ലാസുകൾ പുനരാരംഭിക്കുമെങ്കിലും, ഡിപ്ലോമ പരീക്ഷകളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മാറ്റങ്ങളോ കാലതാമസമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സമരം പരിഹരിക്കാൻ സർക്കാരിന് മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും, സമരം വിദ്യാർത്ഥികൾക്ക് പരിഹരിക്കാനാവാത്ത ദോഷം വരുത്തിയെന്നും വിഷയത്തിൽ പ്രതികരിക്കവേ പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. എന്നാൽ, അധ്യാപകർ ജോലിയിൽ പ്രവേശിക്കുമെന്ന് ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ (ATA) അറിയിച്ചിട്ടുണ്ടെങ്കിലും, നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസിന്റെ ഉപയോഗം അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് അവർ ആരോപിച്ചു. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഈ ക്ലോസ് ഉപയോഗിക്കുന്നതിനെതിരെ നിയമപരമായി പോരാടുമെന്നും ആൽബർട്ടയിലെ യൂണിയനുകളുടെ കൂട്ടായ്മ പ്രഖ്യാപിച്ചട്ടുണ്ട്.
