സോൾ: ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജെ മ്യാങ്ങുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഏഷ്യൻ പര്യടനത്തിനിടെ ഗ്യോങ്ജുവിലെ APEC ഉച്ചകോടിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചത്. യുഎസിൽ 350 ബില്യൺ ഡോളർ നിക്ഷേപം നടത്തണമെന്ന ട്രംപിൻ്റെ ആവശ്യം നടപ്പിലാക്കുന്നതിലെ തർക്കമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ പ്രതിസന്ധിയിൽ തുടരാൻ കാരണം. നേരിട്ടുള്ള പണമിടപാട് സ്വന്തം സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ വായ്പകൾ നൽകാമെന്നാണ് ദക്ഷിണ കൊറിയയുടെ നിലപാട്. എങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ ഉടമ്പടി ഉടൻ ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.

പരമ്പരാഗത ആയുധങ്ങളുള്ള ആണവോർജ്ജ അന്തർവാഹിനികൾക്ക് ആവശ്യമായ ഇന്ധനം ലഭിക്കാൻ യുഎസ് അനുമതി നൽകണമെന്നായിരുന്നു ലീ ജെ മ്യാങ്ങ് ഉന്നയിച്ച സുപ്രധാനമായ പ്രതിരോധ ആവശ്യം. ഇത് യുഎസ് സേനയുടെ ഭാരം കുറയ്ക്കുമെന്നും അദ്ദേഹം ട്രംപിനെ അറിയിച്ചു. അതേസമയം, ദക്ഷിണ കൊറിയയുടെ ഏറ്റവും വലിയ ബഹുമതിയായ ‘ഗ്രാൻഡ് ഓർഡർ ഓഫ് മുഗുങ്‌വ’ ട്രംപിന് ലഭിച്ചു. വർദ്ധിച്ചുവരുന്ന സൈനിക ശേഷിയുടെ പ്രതിഫലനമായി സമുദ്രത്തിൽ നിന്ന് ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചതായി ഉത്തരകൊറിയ ബുധനാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ സന്ദർശനം .
