സൂറിക്: മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിപണിയുടെ പ്രതീക്ഷകളെ തകർത്ത് സ്വിറ്റ്‌സർലൻഡിലെ പ്രമുഖ ബാങ്ക് UBS. ബാങ്കിൻ്റെ നെറ്റ് പ്രോഫിറ്റ് മുൻവർഷത്തെക്കാളും 74% വർധിച്ചതായാണ് കണക്കുകൾ. ആഗോള തലത്തിലെ താരിഫ് തർക്കങ്ങൾ മൂലമുണ്ടായ സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം വരുമാനം വർധിക്കാൻ കാരണമായി. ഈ പാദത്തിൽ 2.5 ബില്യൺ ഡോളറാണ് UBS ലാഭമായി നേടിയത്. നിയമപരമായ കേസുകൾ തീർപ്പാക്കിയതിലൂടെ ലഭിച്ച 688 മില്യൺ ഡോളറിൻ്റെ ഇളവും ലാഭത്തിന് മുതൽക്കൂട്ടായിരുന്നു.

ബാങ്കിൻ്റെ ഗ്ലോബൽ വെൽത്ത് മാനേജ്‌മെൻ്റ് വിഭാഗം 38 ബില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചതോടെ മൊത്തം നിക്ഷേപ ആസ്തി 7 ട്രില്യൺ ഡോളറിനടുത്തെത്തി. മികച്ച ലാഭം നേടിയിട്ടും UBS ചില വെല്ലുവിളികളും സമ്മർദ്ദങ്ങളും നേരിടുന്നുണ്ട്. ക്രെഡിറ്റ് സ്യൂസ് ബോണ്ടുകൾ എഴുതിത്തള്ളിയത് നിയമവിരുദ്ധമാണെന്ന സ്വിസ് കോടതി വിധിക്കെതിരെ ബാങ്ക് അപ്പീൽ നൽകാനാണ് നിലവിലെ തീരുമാനം. ഭാവിയിലെ പ്രതിസന്ധികളെ നേരിടാൻ ഏകദേശം 24 ബില്യൺ ഡോളർ അധിക മൂലധനം (Capital) കണ്ടെത്താൻ സ്വിറ്റ്‌സർലൻഡ് ബാങ്കിന്മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഈ വെല്ലുവിളികൾക്കിടയിലും 3 ബില്യൺ ഡോളറിൻ്റെ ഓഹരി തിരികെ വാങ്ങാനുള്ള (Share Buyback) പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ബാങ്ക് വ്യക്തമാക്കി.
