വൻകൂവർ: മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് പ്രായം 18-ൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ച് വൻകൂവർ സിറ്റി കൗൺസിലർ പീറ്റ് ഫ്രൈ. വിദ്യാഭ്യാസം, ഭവനം, കാലാവസ്ഥാ മാറ്റം തുടങ്ങിയ രാഷ്ട്രീയ തീരുമാനങ്ങൾ യുവജനങ്ങളെ നേരിട്ട് ബാധിക്കുന്നതിനാൽ അവർക്ക് വോട്ടവകാശം നൽകേണ്ടതുണ്ടെന്നാണ് ഫ്രൈയുടെ വാദം.

16 വയസ്സിൽ വ്യക്തികൾക്ക് ജോലി ചെയ്യാനും, നികുതി അടയ്ക്കാനും, വാഹനം ഓടിക്കാനും കഴിയുമെന്നും വോട്ട് ചെയ്യാനുള്ള അവകാശം ഈ ഉത്തരവാദിത്തങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും ഫ്രൈ ചൂണ്ടിക്കാട്ടി. അർജൻ്റീന, ഓസ്ട്രിയ, ജർമ്മനി പോലുള്ള പല രാജ്യങ്ങളിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ 16 വയസ്സാണ് വോട്ടിങ് പ്രായമായി പരിഗണിച്ചിരിക്കുന്നത്. വോട്ടിങ് പ്രായം കുറയ്ക്കുന്നതിന് വൻകൂവർ ചാർട്ടറിൽ ഭേദഗതി വരുത്താനുള്ള അധികാരം പ്രവിശ്യാ സർക്കാരിനുള്ളതാണ്. അതിനാൽ, പ്രവിശ്യാ മുനിസിപ്പൽ കാര്യ മന്ത്രിയുടെ തീരുമാനം ഇതിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. 2026 ഒക്ടോബറിൽ നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പിനായി യുവജന പങ്കാളിത്ത സാധ്യതകൾ പഠിക്കാനും ഫ്രൈയുടെ പ്രമേയം ആവശ്യപ്പെടുന്നു.
