ഓട്ടവ : കനത്ത മഞ്ഞുവീഴ്ച്ചയ്‌ക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ കാനഡയിലെ നിരവധി പ്രദേശങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി എൻവയൺമെന്റ് കാനഡ. ഒന്റാരിയോയിലെ ബാരി, ഒറിലിയ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ 35 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്തെ ചില പ്രാദേശിക പ്രദേശങ്ങളിൽ 20 മുതൽ 35 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച രാവിലെയും മറ്റ് സമയങ്ങളിൽ പകൽ മുഴുവൻ മഞ്ഞുവീഴ്ചയുടെ നിരക്ക് മണിക്കൂറിൽ അഞ്ച് സെന്റീമീറ്ററിൽ കൂടുതലാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. കനത്ത മഞ്ഞുവീഴ്ച്ചയ്‌ക്കൊപ്പം മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശും. മഞ്ഞുവീഴ്ചയ്‌ക്കൊപ്പം കാറ്റും കൂടിച്ചേരുമ്പോൾ ചില സമയങ്ങളിൽ ദൃശ്യപരത കുറയുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നിസ്ഫിൽ, ഓറഞ്ച്വിൽ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ സമാനമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന പ്രതീക്ഷിച്ചിരുന്നുവെങ്കിലും മഞ്ഞുവീഴ്ച്ച കുറവായിരിക്കുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഹുറോൺ, പീറ്റർബറോ, യോർക്ക് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും 10 മുതൽ 30 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് എൻവയൺമെന്റ് കാനഡ പറയുന്നു.
ക്യുബെക്കിന്റെ വടക്കൻ തീരത്ത്, ചെവേരി, മിംഗാനി തുടങ്ങിയ പ്രദേശങ്ങളിൽ കൊടുങ്കാറ്റ് പ്രതീക്ഷിക്കാമെന്ന് എൻവയൺമെന്റ് കാനഡ ഫിഷറീസ് ആൻഡ് ഓഷ്യൻസ് കാനഡയുമായി സംയുക്തമായി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറഞ്ഞു. ശക്തമായ കാറ്റിന് പുറമെ, സാധാരണ നിലയേക്കാൾ ഉയർന്ന ജലനിരപ്പും വലിയ തിരമാലകളും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

യൂകോണിലെ റിച്ചാർഡ്‌സൺ പർവതനിരകൾക്ക് സമീപമുള്ള ഡെംപ്‌സ്റ്ററിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്. ഇന്ന് വൈകുന്നേരത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ദൂരക്കാഴ്ച കുറയുന്നതിനാൽ യാത്ര അപകടകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
20 മുതൽ 40 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച്ച പ്രതീക്ഷിക്കുന്ന നൂനവൂട്ടിൽ ശീതകാല കൊടുങ്കാറ്റ്, ഹിമപാതം, കാറ്റ് എന്നിവയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്ലൈഡ് നദി പ്രദേശത്ത് ചൊവ്വാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച അതിരാവിലെ വരെ കനത്ത മഞ്ഞ് പ്രതീക്ഷിക്കാം. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ സാച്ച്‌സ് ഹാർബറിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. അവിടെ ദൃശ്യപരത പൂജ്യത്തിനടുത്താണെന്ന് എൻവയൺമെന്റ് കാനഡ അറിയിച്ചു.
ബ്രിട്ടിഷ് കൊളംബിയ ഗ്രേറ്റർ വിക്ടോറിയ മേഖലയിലും സതേൺ ഗൾഫ് ദ്വീപുകളിലും മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറൽ ഏജൻസി പറയുന്നു. കൂടാതെ പടിഞ്ഞാറൻ കൂട്ടേയ് മേഖലയിൽ, വായു ഗുണനിലവാരം കുറഞ്ഞതായി എൻവയൺമെന്റ് കാനഡ പറയുന്നു.

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ചില വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞും വൈകിട്ടും ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി. തീരത്തിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 80 കി.മീ. വേഗതയിലെത്തുന്ന കാറ്റ് 100 കി.മീ വേഗത കൈവരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.