ഗാസയിൽ വെടിനിർത്തൽ തുടരാൻ ധാരണയായി. നിലവിലെ ഉടമ്പടി പ്രകാരം ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നത് തുടരാൻ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനമായി. വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 10.30ന് വെടിനിർത്തൽ അവസാനിക്കാനിരിക്കെയായിരുന്നു വെടിനിർത്തൽ തുടരാനുള്ള തീരുമാനം ഉണ്ടായത്. ബന്ദികളെ മോചിപ്പിക്കുന്നത് തുടരാനും ഉടമ്പടി പ്രകാരമുള്ള നിബന്ധനകൾക്ക് വിധേയമായി
പ്രവർത്തിക്കാനുമുള്ള മധ്യസ്ഥരുടെ ശ്രഫലമായി വെടിനിർത്തൽ തുടരാൻ തീരുമാനിച്ചിരിക്കുന്നു,’ ഇസ്രായേൽ സേന ഐ.ഡി.എഫ് ടെലിഗ്രാമിൽ അറിയിച്ചു. ഗാസയിൽ ഏഴാം ദിവസത്തിലേക്കാണ് വെടിനിർത്തൽ കടക്കുന്നത്. നവംബർ 29ന് ഹമാസ് ബന്ദികളാക്കിയ 16 പേരെയും നവംബർ 30ന് രാവിലെ ഇസ്രായേൽ തടവറയിൽ കഴിയുന്ന 30 പലസ്തീനികളെയും മോചിപ്പിച്ചു. ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ച 16 പേരിൽ ആറ് വിദേശ പൗരന്മാരുടെ മോചനം ഉടമ്പടിയുടെ ഭാഗമല്ല.

വെടിനിർത്തൽ ഉടമ്പടിയുടെ ഭാഗമായി ഇതുവരെ 60 ഇസ്രായേലി ബന്ദികളെയും 180 പലസ്തീനി തടവുകാരെയും വിട്ടയച്ചു. ഉടമ്പടിയുടെ ഭാഗമായി ഇതുവരെ സ്ത്രീകളെയും കുട്ടികളെയുമാണ് ഇരു പക്ഷത്ത് നിന്നും വിട്ടയച്ചത്. നിലവിൽ ഇസ്രായേലി സൈനികരെയൊന്നും ഹമാസ് വിട്ടയച്ചിട്ടില്ല. വെടിനിർത്തൽ ഉടമ്പടി ദീർഘിപ്പിക്കുവാൻ ഏഴ് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്നും
ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ട മൂന്ന് ഇസ്രായേലികളുടെ മൃതദേഹങ്ങൾ കൈമാറാനും ഹമാസ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇസ്രായേൽ ആവശ്യം അംഗീകരിച്ചില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.ഇസ്രായേലി തടവറകളിൽ കഴിയുന്ന മുഴുവൻ പലസ്തീനികളെയും മോചിപ്പിച്ചാൽ ഇസ്രായേൽ ബന്ദികളെയും സ്വാതന്ത്രരാക്കാമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു.