വാൻകൂവർ : മഞ്ഞ് കുറഞ്ഞതോടെ ബിസി-സൗത്ത് കാരിബൂ മേഖലയിലെ ലാക് ലാ ഹാച്ചെയിലെ സ്‌കൈ, സ്നോബോർഡ് വിനോദ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി മൗണ്ട് തിമോത്തി റിസോർട്ട് അറിയിച്ചു. ചൂട് കൂടി മഞ്ഞുരുകുന്നതിനാൽ ഈ സീസണിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതായി റിസോർട്ടിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
പസഫിക് സമുദ്രത്തിലെ ശക്തമായ എൽ നിനോ പ്രതിഭാസം മൂലം സാധാരണയിലുമധികം ചൂടാണ് മെട്രോ വാൻകൂവറിൻ്റെ നോർത്ത് ഷോർ പർവതങ്ങളായ ഗ്രൗസ്, സെയ്‌മോർ, സൈപ്രസ് എന്നിവിടങ്ങളിൽ ഈ സീസണിൽ അനുഭവപ്പെടുന്നത്.

ഏറ്റവും തിരക്കേറിയ സീസണായ ഡിസംബർ അവസാനം പോലും വിസ്‌ലർ ബ്ലാക്ക്‌കോമ്പിൻ്റെ പാതകളിൽ പകുതിയിൽ താഴെ മാത്രമേ തുറന്നിരുന്നുള്ളൂ. കഴിഞ്ഞയാഴ്ചയിലെ മഞ്ഞുവീഴ്ചയുടെ ഫലമായി ലിഫ്റ്റുകളും പാതകളും വിസ്‌ലർ ബ്ലാക്ക്‌കോമ്പിൽ തുറന്നു, എന്നാൽ മോശമായ കാലാവസ്ഥ മൂലം നോർത്ത് വാൻകൂവറിലെ മൗണ്ട് സെയ്‌മോർ അടച്ചു.