ടൊറൻ്റോ : ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി, ഒൻ്റാരിയോ ഫെഡറൽ ഗവൺമെൻ്റുമായി 310 കോടി ഡോളറിന്റെ ഹെൽത്ത് കെയർ കരാറിൽ ഒപ്പിട്ടു. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് കരാർ പ്രഖ്യാപിച്ചത്. ഇതോടെ 20,000 കോടി ഡോളർ ആരോഗ്യ കരാറിൻ്റെ വിഹിതത്തിനായി ഫെഡറൽ ഗവണ്മെന്റുമായി കരാറിലെത്തുന്ന അഞ്ചാമത്തെ പ്രവിശ്യയായി ഒൻ്റാരിയോ മാറി.

ഒൻ്റാരിയോയിലെ ആരോഗ്യ സംരക്ഷണത്തിനായി പണം നൽകുന്നതിന് പ്രവിശ്യ-ഫെഡറൽ സർക്കാരുകൾ 10 വർഷത്തെ കരാറിലെത്തിയതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പ്രഖ്യാപനം.
രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും കൂടുതൽ ആരോഗ്യ പരിപാലന പ്രവർത്തകരെ നിയമിക്കാനും മാനസികാരോഗ്യ പരിപാലനം ഉൾപ്പെടെ ജനങ്ങൾക്കു വേഗത്തിലുള്ള പരിചരണം ഉറപ്പാക്കാനും ഹെൽത്ത് കെയർ സഹായിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
കരാർ പ്രകാരം ഒൻ്റാരിയോ നൂറുകണക്കിന് പുതിയ ഫാമിലി ഫിസിഷ്യൻമാരെയും നഴ്‌സ് പ്രാക്ടീഷണർമാരെയും കൂടാതെ ആയിരക്കണക്കിന് പുതിയ നഴ്‌സുമാരെയും നിയമിക്കും. കൂടാതെ എമർജൻസി റൂമുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും ശസ്ത്രക്രിയകൾക്കുള്ള ബാക്ക്‌ലോഗ് ലഘൂകരിക്കാനും ഈ നിക്ഷേപം സഹായിക്കും.