ബാഴ്സലോണ : ഇസ്രയേലിലേക്ക് ആയുധങ്ങളുമായി വന്ന ഡാനിഷ് കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്പെയിൻ. വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബ്രാസാണ് കപ്പലിനെ തുറമുഖത്ത് പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി തടഞ്ഞ വിവരം അറിയിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു കപ്പലിനെ തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേലിലേക്ക് ഇനിയും ആയുധങ്ങളുമായി കപ്പൽ വന്നാലും സ്പെയിനിലെ തുറമുഖങ്ങളിലേക്ക് അവയെ പ്രവേശിപ്പിക്കില്ല. മിഡിൽ ഈസ്റ്റിന് ഇപ്പോൾ ആയുധങ്ങളല്ല ആവശ്യം. സമാധാനമാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
മെയ് 21ന് തുറമുഖത്തിൽ പ്രവേശിക്കാനാണ് ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോകുന്ന ഡാനിഷ് കപ്പൽ അനുമതി തേടിയതെന്ന് സ്പെയിൻ ഗതാഗതമന്ത്രി അറിയിച്ചു. ഇസ്രയേലിലെ ഹൈഫ തുറമുഖത്തേക്ക് 27 ടൺ സ്ഫോടക വസ്തുക്കളുമായാണ് കപ്പൽ യാത്ര തിരിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.