മസ്കത്ത് : ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കോസ്മെറ്റിക്സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡുകളിൽ ആയിരക്കണക്കിന് അനധികൃത ഉത്പന്നങ്ങൾ പിടികൂടി. ആരോഗ്യ മന്ത്രാലയം, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയുടെ സംയുക്ത സംഘം ബൗഷര്‍, സീബ് വിലായത്തുകളില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് ഉത്പന്നങ്ങൾ പിടികൂടിയത്.
നിയമവിരുദ്ധമായി സൗന്ദര്യവർധക ശസ്ത്രക്രിയകള്‍ നടത്തിയ മൂന്ന് അപ്പാര്‍ട്ടുമെന്റുകളും ഒരു ബ്യൂട്ടി സലൂണും അധികൃതര്‍ അടച്ചുപൂട്ടി. ഇവിടങ്ങളില്‍ നിന്നുള്‍പ്പെടെ 4,600-ലധികം അനധികൃത മെഡിക്കല്‍, കോസ്മെറ്റിക് ഉല്‍പ്പന്നങ്ങളാണ് റെയ്ഡുകളിൽ പിടിച്ചെടുത്തത്. ഇത്തരം സ്ഥാപനങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന പരസ്യങ്ങള്‍ നിരീക്ഷിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.