കാൽഗറി: നഗരത്തിൽ ഒരാഴ്ച കൂടി ജലക്ഷാമം നേരിടേണ്ടിവരുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. നഗരത്തിലുടനീളം വെള്ളമെത്തിക്കുന്ന പ്രധാന ട്രാൻസ്മിഷൻ ലൈൻ പൊട്ടിയതിനെ തുടർന്നാണ് കഠിനമായ ജലക്ഷാമം അനുഭവപ്പെടുന്നത്. നഗരത്തിനും ചുറ്റുമുള്ള എയർഡ്രി, ചെസ്റ്റർമെയർ കമ്മ്യൂണിറ്റികൾക്കും കൂടി 48 കോടി 40 ലക്ഷം ലിറ്റർ ജലം ആവശ്യമായി വരുന്നുണ്ടെന്ന് സിറ്റി ഓഫ് കാൽഗറി വാട്ടർ സർവീസസ് ഡയറക്ടർ നാൻസി മക്കെ പറയുന്നു.
തകരാറിലായ പൈപ്പിന്‍റെ അറ്റകുറ്റപ്പണികൾക്ക് സമയമെടുക്കുമെന്ന് നഗരസഭാ കുടിവെള്ളവിതരണ വിഭാഗം മാനേജർ ക്രിസ് ഹസ്റ്റൺ പറയുന്നു. ജലസംരക്ഷണത്തെക്കുറിച്ചുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് ആൽബർട്ട സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ കാൽഗറി നഗരത്തിൽ അധികം താമസിയാതെ കഠിനമായ ജലക്ഷാമം അനുഭവപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പുൽത്തകിടികൾ നനയ്ക്കൽ, കുളങ്ങൾ നിറയ്ക്കൽ, ഹോട്ട് ടബുകൾ, കാറുകൾ കഴുകൽ, പൂന്തോട്ടപരിപാലനം എന്നിവയ്ക്കായി ജലം ഉപയോഗിക്കരുതെന്ന് നിർദേശിച്ചു.