യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ.ഡി. വാൻസിനെ പ്രഖ്യാപിച്ചു. നിലവിൽ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാൻസ്. വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി വാൻസ് ഇന്ത്യൻ വംശജയാണ്.
വെടിവയ്പ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയിൽ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങിയ മുൻനിര നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ വ്യാഴാഴ്ച അവസാനിക്കും.