കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ,കണ്ണൂർ, തൃശ്ശൂർ, കോട്ടയം ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കണ്ണൂർ ജില്ലയിൽ പ്രഫഷണൽ കോളേജുകൾക്ക് അവധിയില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
വയനാട്ടിൽ എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല. ഇടുക്കിയിൽ പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിൽ അതിശക്തമായ മഴയ്ക്കും വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലിലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.