ഓട്ടവ : കാനഡയിലെ വാഹനമോഷണ നിരക്ക് കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടു വർഷമായി ഉയർന്ന നിരക്കിൽ തുടരുന്ന രാജ്യത്തുടനീളമുള്ള വാഹന മോഷണ കുറ്റകൃത്യങ്ങൾ ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ കുറഞ്ഞതായി ഇക്വിറ്റ് അസോസിയേഷൻ റിപ്പോർട്ട്. 2024-ൽ ഇതുവരെ കാനഡയിലുടനീളം 28,000 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
കാനഡയിലുടനീളമുള്ള വാഹനമോഷണം 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17% കുറഞ്ഞതായി കാനഡയിലെ ഇൻഷുറൻസ് ക്രൈം ആൻഡ് ഫ്രാഡ് പ്രിവൻഷൻ നോൺ പ്രോഫിറ്റ് ഗ്രൂപ്പായ ഇക്വിറ്റ് അസോസിയേഷൻ അറിയിച്ചു. മോഷണങ്ങൾ തടയുന്നതിനും സംഘടിത കുറ്റകൃത്യങ്ങളിലേക്കുള്ള പണത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനും ഇൻഷുറൻസ് വ്യവസായത്തിൻ്റെയും ഫെഡറൽ, പ്രവിശ്യാ ഗവൺമെൻ്റുകളുടെയും പൊലീസിൻ്റെയും അതിർത്തി ഉദ്യോഗസ്ഥരുടെയും ശ്രമങ്ങളെ തുടർന്നാണിത്.
2024-ൻ്റെ ആദ്യ പകുതിയിലാണ് ഏറ്റവും കുറവ് ഉണ്ടായതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനമോഷണം നടക്കുന്ന ഒൻ്റാരിയോയിൽ 14 ശതമാനവും കെബെക്കിൽ 36 ശതമാനവും വാഹന മോഷണം കുറഞ്ഞു. ഈ രണ്ടു പ്രവിശ്യകളിലും ഏറ്റവും കൂടുതൽ മോഷണം പോയത് എസ്യുവികളാണ്. അതേസമയം ആൽബർട്ടയിലെ വാഹനമോഷണത്തിൽ അഞ്ച് ശതമാനം കുറവും രേഖപ്പെടുത്തി. ഇവിടെ ട്രക്കുകളാണ് മോഷ്ടാക്കൾ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച വാഹനം.
എന്നാൽ, ഒൻ്റാരിയോ, കെബെക്ക് പ്രവിശ്യകളിലെ വാഹനമോഷണത്തിനെതിരായ ശക്തമായ നടപടികൾ കാരണം മോഷ്ടാക്കൾ മറ്റു പ്രവിശ്യാകളിലേക്ക് ചേക്കേറുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ അറ്റ്ലാൻ്റിക് കാനഡയിൽ വാഹന മോഷണം 11% വർധിച്ചു. 2010-16 മോഡൽ സെഡാൻ, കൂപ്പെ, ഹാച്ച്ബാക്ക്, വാഗണുകൾ എന്നിവയാണ് ഈ മേഖലയിലെ മോഷ്ടാക്കൾ കൂടുതൽ ലക്ഷ്യം വെച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.