ടൊറൻ്റോ : കനത്ത മഴ തുടരുന്നതിനാൽ ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളം വെള്ളപ്പൊക്കമുണ്ടായതായി റിപ്പോർട്ട്. ഒൻ്റാരിയോ പ്ലേസിനടുത്തുള്ള ലേക്ക് ഷോർ ബൊളിവാർഡിൻ്റെ ഒരു ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നത് കനത്ത ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. മഴ കാരണം പീൽ മേഖലയുടെ ചില ഭാഗങ്ങളിൽ മാൻഹോളിൻ്റെ കവർ ഉയർത്തിയതായി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടൊറൻ്റോയിലും പരിസര പ്രദേശങ്ങളിലും മണിക്കൂറിൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വെള്ളപ്പൊക്ക റിപ്പോർട്ടുകൾ. കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും കാരണമാകുമെന്നും താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശികമായി വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടൊറൻ്റോയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്നും ഇന്ന് രാവിലെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെയും ഉച്ചകഴിഞ്ഞും ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാഹചര്യം അനുകൂലമാണെന്നും ഏജൻസി അറിയിച്ചു. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും പ്രാദേശികമായി 50 മില്ലിമീറ്റർ വരെ മഴ പെയ്യാനും വലിയ ആലിപ്പഴം വീഴുന്നതിനും സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.