സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് കങ്കുവ. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 10 ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ റിലീസ് നീട്ടിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
രജനികാന്ത് നായകനാകുന്ന വേട്ടയ്യൻ എന്ന സിനിമയും ഒക്ടോബര് 10 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രവുമായി ക്ലാഷ് വേണ്ട എന്നുള്ള അണിയറപ്രവർത്തകരുടെ തീരുമാനം മൂലമാണ് കങ്കുവയുടെ റിലീസ് നീട്ടിയത് എന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ഈ വർഷം നവംബറിൽ ദീപാവലി റിലീസായെത്തുമെന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പിരീഡ് ആക്ഷന് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന കങ്കുവയുടെ ബജറ്റ് 350 കോടിയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കുന്നത്.
ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാ വേഷം ചെയ്യുന്നത് ദിശാ പട്ടാണിയാണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- വെട്രി പളനിസാമി, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.