പി.പി. ചെറിയാന്‍
ടെന്നിസി : റാന്തിസി മൃഗശാലയില്‍നിന്നും രക്ഷപെട്ട ഒട്ടകത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചതായി ഒബിയണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
മാര്‍ച്ച് 10 നു ഷെര്‍ലി ഫാംസിനടുത്തായിരുന്നു സംഭവം. ഒട്ടകത്തിന്റെ ആക്രമണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടര്‍ന്നു സ്ഥലത്ത് എത്തിചേര്‍ന്ന പോലീസിനു കാണാന്‍ കഴിഞ്ഞത് പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്നിരുന്ന രണ്ടു പേരെയാണ്.
ബോബി മേതനി (42), ടോമിഗണ്‍ (67) എന്നിവരെ പോലീസ് പരിശോധിക്കുന്നതിനിടയില്‍ ഒട്ടകം പോലീസിനു നേരെ നടന്നടുത്തു. പോലീസ് വാഹനത്തേയും അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ ശുശ്രൂഷിച്ചിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനേയും ആക്രമിക്കാന്‍ അടുത്തുവന്ന ഒട്ടകത്തിനുനേരെ കൂടുതല്‍ ആക്രമണവും അപകടവും ഒഴിവാക്കുന്നതിനായി ഷെറിഫ് വെടിയുതിര്‍ക്കുകയായിരുന്നു. ഒട്ടകം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.
ഒട്ടകത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു കിടന്നിരുന്ന രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒട്ടകം മൃഗശാലയില്‍നിന്നും എങ്ങനെ രക്ഷപെട്ടുവെന്നും കൊല്ലപെട്ട ഇരുവരേയും ആക്രമിക്കുന്നതിനുള്ള കാരണം എന്തായിരുന്നുവെന്നും അന്വേഷിച്ചുവരുന്നതായി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. ഇതൊരു അസാധാരണ സംഭവമാണെന്നും ഷെറിഫ് കൂട്ടിചേര്‍ത്തു.