ന്യൂഡൽഹി : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് യുക്രൈൻ സൈന്യത്തിൽ ചേർന്ന തമിഴ്നാട് സ്വദേശി സായ് നികേഷ്. തിരിച്ചെത്താനുള്ള ആഗ്രഹം കോയമ്പത്തൂർ ഗൗണ്ടം പാളയം സ്വദേശി സായി നികേഷ് ശനിയാഴ്ച ബന്ധുക്കളെ അറിയിച്ചു. കുടുംബവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ പിതാവിനെയാണ് ഇക്കാര്യമറിയിച്ചത്.
മടങ്ങിവരാൻ താൽപ്പര്യമറിയിച്ചതോടെ സായ് നികേഷിനെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ എംബസിയുമായി കുടുംബം ബന്ധപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഏതെങ്കിലും രീതിയിൽ മകനെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പിതാവ് രവിചന്ദ്രന്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സിനോട് മുൻപ് പറഞ്ഞിരുന്നു.
2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. വാർ വീഡിയോ ഗെയിമുകളിൽ തൽപ്പരനായ സായ് നികേഷ് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും നടക്കാതെ വന്നതോടെ അമേരിക്കൻ ആംഡ് ഫോഴ്സിൽ ചേരാൻ ചെന്നൈയിലെ യുഎസ് കോൺസുലേറ്റിനെ ബന്ധപ്പെട്ടെങ്കിലും അത് സാധ്യമായില്ല. തുടർന്ന് ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ അഞ്ച് വർഷത്തെ കോഴ്സിന് ചേരുകയും അവിടെ നിന്ന് യുക്രൈൻ സൈന്യത്തിൻ്റെ ഭാഗമായ യുക്രൈൻ ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ ചേരുകയുമായിരുന്നു.
സായ് നികേഷ് യുക്രൈൻ സൈന്യത്തിൽ ചേർന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ കുടുംബത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. സായ് നികേഷിൻ്റെ മുറിയിൽ സൈനികരുടെ ചിത്രങ്ങളും പോസ്റ്ററുകളും പതിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു.
റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുവാവുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതോടെ കുടുംബം ഇന്ത്യൻ എംബസിയുമായി പതിവായി ബന്ധപ്പെട്ടിരുന്നു. ‘ജോർജിയൻ നാഷണൽ ലെജിയൻ’ എന്ന യുക്രൈൻ്റെ അർധസൈനിക വിഭാഗത്തിലാണ് സായ് നികേഷ് ചേർന്നതെന്ന് രഹസ്യാന്വേഷ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.