കീവ്: റഷ്യൻ അധിനിവേശം കൂടുതൽ ശക്തമായി തുടരുന്നതിനിടെ സൈനികർക്ക് ആദരസൂചകമായി തപാൽ സ്റ്റാംപ് പുറത്തിറക്കി യുക്രൈൻ. റഷ്യൻ ആക്രമണത്തിൻ്റെ തുടക്കത്തിൽ യുക്രൈനിലെ സ്‌നേക് ഐലൻഡിൽ പ്രതിരോധം തീർത്ത സൈനികർക്ക് ആദരസൂചകമായിട്ടാണ് സ്റ്റാംപ് പുറത്തിറക്കിയത്. റഷ്യൻ സൈനിക കപ്പലിന് നേരെ ‘നടുവിരൽ’ ഉയർത്തി നിൽക്കുന്ന യുക്രൈൻ സൈനികനാണ് സ്റ്റാംപിലുള്ളത്.
യുക്രൈനിലെ തപാൽ വിഭാഗം ഓൺലൈനായി നടത്തിയ മത്സരത്തിൽ നിന്നാണ് താപാൽ സ്റ്റാംപിലെ ഡിസൈൻ തെരഞ്ഞെടുക്കപ്പെട്ടത്. യുക്രൈനിലെ ലീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസൈനർ ബോറിസ് ഗ്രോയാണ് ഒന്നാമതെത്തിയ മാതൃക ഡിസൈൻ ചെയ്തത്. യുക്രൈൻ്റെ താപാൽ വിഭാഗമായ ‘ഉക്ർപോഷ്ട’ ആണ് ഓൺലൈൻ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ അഞ്ഞൂറിലധികം എൻട്രികൾ ലഭിച്ചെങ്കിലും പൊതു വോട്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ടത് ഈ സ്റ്റാംപാണ്.
ബോറിസ് ഗ്രോയുടെ ഡിസൈനാണ് ഏറ്റവുമധികം വോട്ടുകൾ ലഭിച്ചതെന്ന് മുൻ വിദേശകാര്യ മന്ത്രി എമിൻ ധപറോവ ട്വിറ്ററിലൂടെ വ്യക്തമാക്കി. സ്റ്റാംപ് ഉടൻ തന്നെ യുക്രൈനിലെ തപാൽ കമ്പനി പ്രസിദ്ധീകരിക്കുമെന്ന് അവർ പറഞ്ഞു. സ്റ്റാംപ് ഡിസൈൻ ചെയ്യാൻ മൂന്ന് ദിവസം വേണ്ടിവന്നുവെന്ന് ഡിസൈനർ ബോറിസ് ഗ്രോ അറിയിച്ചു. യുക്രൈൻ പൗരന്മാരുടെ മാനസികാവസ്ഥയും പോരാട്ടവീര്യവും ഉയർത്തുന്നതിനും വിദേശ രാജ്യങ്ങളുടെ ശ്രദ്ധ യുക്രൈനിലേക്ക് കൂടുതൽ എത്തുന്നതിനുമാണ് ഇത്തരത്തിൽ സ്റ്റാംപ് ഡിസൈൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ സ്‌നേക് ഐലൻഡിലെത്തിയ റഷ്യൻ സൈന്യം ദ്വീപിലുണ്ടായിരുന്ന 13 യുക്രൈനിൽ സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ ഭീഷണിയും നിർദേശവും അവഗണിച്ച യുക്രൈൻ സൈനികർ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. നിർദേശം അവഗണിച്ച യുക്രൈൻ സൈനികരെ റഷ്യ വധിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സൈനികരെ റഷ്യൻ സൈന്യം വധിച്ചിട്ടില്ലെന്നും അവരെ തടവിലാക്കിയിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.