ഹാലിഫാക്സ് : അതിതീവ്ര ന്യൂനമർദ്ദത്തെ തുടർന്ന് ഇന്ന് (വെള്ളിയാഴ്ച) നോവസ്കോഷയിലെ ചില ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി ആരംഭിക്കുന്ന കാറ്റ് നാളെ രാവിലെയോടെ ശക്തി പ്രാപിക്കും. അറ്റ്ലാൻ്റിക് തീരത്ത് ശനിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.

ഗൈസ്ബറോ കൗണ്ടിയിലും കിഴക്കൻ കെയ്പ് ബ്രെറ്റൺ ദ്വീപിലും ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും പെയ്യുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് വരെ 50 മുതൽ 70 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ചില പ്രദേശങ്ങളിൽ മഴയുടെ അളവ് കൂടുമെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം സാധ്യമാണെന്നും എൻവയൺമെൻ്റ് കാനഡ പറയുന്നു. ശക്തമായ കാറ്റ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.