കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് പുതുവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ അധികാരം നഷ്ടപ്പെട്ടേക്കും. പ്രധാനമന്ത്രി ട്രൂഡോയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) ലീഡർ ജഗ്മീത് സിംഗ് തീരുമാനിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം ന്യൂനപക്ഷ ലിബറൽ സർക്കാരിനെ താഴെയിറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അതുവഴി രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും ജഗ്മീത് സിംഗ് വെള്ളിയാഴ്ച പറഞ്ഞു. “ലിബറൽ പാർട്ടിയെ നയിക്കുന്നത് ആരാണെന്നത് പ്രശ്നമല്ല. ഈ സർക്കാരിൻ്റെ കാലം അവസാനിച്ചു. ഹൗസ് ഓഫ് കോമൺസിൻ്റെ അടുത്ത യോഗത്തിൽ ഞങ്ങൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കും” ജഗ്മീത് സിംഗ് പറഞ്ഞു. ലിബറൽ പാർട്ടിയിൽ പോലും ട്രൂഡോയ്‌ക്കെതിരെ എംപിമാരുടെ നീരസം വർധിച്ചുവരികയാണ്. ഇതുവരെ ഇരുപതോളം ലിബറൽ എംപിമാർ ട്രൂഡോയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സഖ്യത്തിൽ നിന്ന് പിന്മാറിയതിന് ശേഷവും, കഴിഞ്ഞ നാല് മാസമായി ജഗ്മീത് ട്രൂഡോയെ അധികാരത്തിൽ നിലനിർത്താൻ സഹായിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പിന്തുണ പിൻവലിച്ചിരിക്കയാണ്.ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ എൻഡിപിയെ പിന്തുണച്ചാൽ ട്രൂഡോയുടെ സർക്കാർ വീഴുമെന്ന് ഉറപ്പാണ്. പാർലമെൻ്റിൽ ട്രൂഡോ സർക്കാർ ന്യൂനപക്ഷമാണ്. അതേസമയം ,ജഗ്മീത് സിങ്ങിൻ്റെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് അദ്ദേഹത്തിൻ്റെ പാർട്ടിക്കും അപകടകരമാണ്. കാരണം എൻഡിപിയും അഭിപ്രായ സർവേയിൽ ഗണ്യമായ വോട്ട് വ്യത്യാസത്തിനു പിന്നിലാണ്.
ട്രൂഡോയുടെ പാർട്ടിക്ക് പാർലമെൻ്റിൽ 153 സീറ്റുകളാണുള്ളത്. അധികാരത്തിൽ തുടരാൻ പാർട്ടിക്ക് 17 സീറ്റുകൾ കൂടി വേണം. 25 സീറ്റുകളുള്ള എൻഡിപിയാണ് ഇതുവരെ പിന്തുണച്ചിരുന്നത്. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിക്ക് 120 സീറ്റുകളാണുള്ളത്. കനേഡിയൻ ഹൗസ് ഓഫ് കോമൺസിൽ 338 സീറ്റുകളാണുള്ളത്.രാജ്യത്ത് നടന്ന പല സർവേകളും അനുസരിച്ച്, കാനഡയിൽ തിരഞ്ഞെടുപ്പ് നടന്നാൽ, കൺസർവേറ്റീവ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചേക്കാം, കാരണം വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.
ഭൂരിപക്ഷത്തിന് ട്രൂഡോയുടെ പാർട്ടിക്ക് ബ്ലോക്ക് കെബെക്കോയിസിന്റെ 33 സീറ്റുകളുടെ പിന്തുണ ആവശ്യമാണ്. എന്നാൽ പ്രതിപക്ഷ പാർട്ടിയെ പിന്തുണയ്ക്കുമെന്നാണ് കെബെക്ക് പാർട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ബലപ്രയോഗത്തിലൂടെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കില്ലെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.