ഓട്ടവ : സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും തിരിച്ചടി നേരിടുന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതി നാൾക്ക് നാൾ കുറയുന്നതായി പുതിയ സർവേ റിപ്പോർട്ട്. ഫെഡറൽ കാബിനറ്റിൽ നിന്ന് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിന്‍റെ അപ്രതീക്ഷിത രാജിയോടെ പാർട്ടിക്കുള്ളിലെ വിമതരും പ്രതിപക്ഷവും ട്രൂഡോയ്‌ക്കെതിരെ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. ഒപ്പം ആകെയുള്ള പിടിവള്ളിയായ എൻഡിപി, ട്രൂഡോ നയിക്കുന്ന ലിബറൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ മിക്ക കാനഡക്കാരും ഫെഡറൽ തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് ആഗ്രഹിക്കുന്നതായി പുതിയ ഇപ്‌സോസ് സർവേ റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത കാനഡക്കാരിൽ പകുതിയിലധികം (53 ശതമാനം) പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ താഴെയിറക്കി നേരത്തെയുള്ള തിരഞ്ഞെടുപ്പിന് കളമൊരുക്കണമെന്ന് വ്യക്തമാക്കിയതായി സർവേ സൂചിപ്പിക്കുന്നു. അതേസമയം, 46% പേർ പ്രതിപക്ഷ പാർട്ടികൾ ഓരോ സാഹചര്യത്തിന് അനുസരിച്ച് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് പറയുന്നു. കഴിഞ്ഞ ഇപ്‌സോസ് സർവേക്ക് ശേഷം പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ജനപ്രീതി അഞ്ച് ശതമാനം കുറഞ്ഞതായി പുതിയ സർവേ വ്യക്തമാക്കുന്നു. 73% പേർ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 27% പേർ അദ്ദേഹം പ്രധാനമന്ത്രിയായി തുടരണമെന്നും 2025-ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണമെന്നും സർവേയിൽ പ്രതികരിച്ചു.
കൺസർവേറ്റീവ് പാർട്ടിക്കുള്ള ജനപിന്തുണ കുതിച്ചുയരുകയും ലിബറലുകൾക്കുള്ള പിന്തുണ ചരിത്രത്തിലെ ഏറ്റവും താഴേക്ക് കൂപ്പുകുത്തുകയും ചെയ്തതായി സർവേ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ കൺസർവേറ്റീവ് പാർട്ടിക്ക് 48% പിന്തുണ ലഭിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. അതേസമയം ലിബറലുകളുടെ ജനകീയ വോട്ട് വിഹിതം കഴിഞ്ഞ ആഴ്ച മുതൽ ഒരു ശതമാനവും സെപ്‌റ്റംബർ മുതൽ ആറ് പോയിൻ്റും കുറഞ്ഞ് 19 ശതമാനമായി. എൻഡിപി പിന്തുണ കഴിഞ്ഞ ആഴ്ച മുതൽ ഒരു പോയിൻ്റ് കുറഞ്ഞ് 15 ശതമാനത്തിലേക്ക് താണു. നിലവിൽ ബ്ലോക്ക് കെബെക്കോയിസിനുള്ള പിന്തുണ എട്ടു ശതമാനവും ഗ്രീൻ പാർട്ടിക്കുള്ള പിന്തുണ നാല് ശതമാനവുമാണ്.