വിനിപെഗ് : മാനിറ്റോബയിലെ ഒരു കോഴി ഫാമിൽ പക്ഷിപ്പനി കണ്ടെത്തിയതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ). പോർട്ടേജ് ലാ പ്രെറിയിലെ റൂറൽ മുനിസിപ്പാലിറ്റിയിലുള്ള കോഴി ഫാമിലാണ് H5N1 കണ്ടെത്തിയതെന്ന് CFIA സ്ഥിരീകരിച്ചു. ഇതോടെ മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പ്രവിശ്യ സർക്കാർ അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പ്രവിശ്യയിൽ 23 തവണ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. രോഗം പകരുന്നത് തടയാൻ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ക്ലീനിങും അണുനശീകരണ പ്രവർത്തനങ്ങളും ആരംഭിച്ചതായി ഏജൻസി അറിയിച്ചു.
കഴിഞ്ഞ ഒരു വർഷമായി അമേരിക്കയിലും കാനഡയിലും വളർത്തുമൃഗങ്ങൾക്കിടയിൽ ഏവിയൻ ഫ്ലൂ അഥവാ പക്ഷിപ്പനി പടർന്നു പിടിക്കുന്നുണ്ട്. ഇതോടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരാനുള്ള സാധ്യതയെക്കുറിച്ച് ആരോഗ്യ ഏജൻസികൾ ആശങ്ക പങ്കുവെച്ചിരുന്നു. ബ്രിട്ടിഷ് കൊളംബിയയിലെ ഒന്നിലധികം ഫാമുകളിലെ കോഴിയിറച്ചിയിൽ H5N1 കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പ്രവിശ്യയിലെ ഒരു കൗമാരക്കാരനിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.