ടൊറൻ്റോ : നഗരത്തിലുടനീളം നടന്ന വാഹനമോഷണക്കേസിൽ കെബെക്ക് സ്വദേശികളായ ആറ് പേർ അറസ്റ്റിൽ. കൂടാതെ അഞ്ച് പേർക്കായി തിരച്ചിൽ ആരംഭിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ടൊറൻ്റോ, ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ നിന്നും ഏകദേശം നാൽപ്പത് ലക്ഷം ഡോളർ വിലമതിക്കുന്ന നൂറിലധികം വാഹനങ്ങൾ കെബെക്കിൽ നിന്നുള്ള ഈ സംഘം മോഷ്ടിച്ചതായി പൊലീസ് പറയുന്നു. ഓഗസ്റ്റ് മുതൽ നവംബർ വരെ ടൊറൻ്റോയിലെ നിരവധി വീടുകളിൽ തിരച്ചിൽ നടത്തി കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, മാസ്റ്റർ കീകൾ, സിഗ്നൽ-ജാമിങ് ഉപകരണങ്ങൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തുടർന്ന് ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയും മറ്റ് അഞ്ച് പേർക്ക് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
മൺട്രിയോൾ-നോർഡിൽ നിന്നുള്ള ജീൻ ജൂനിയർ ഗൗറിലി (23), പോണ്ട്-റൂജിൽ നിന്നുള്ള അല സാഡി (27), മൺട്രിയോൾ സ്വദേശികളായ റിക്കാർഡോ ചാൾസ് (35), സെർകാൻ ഡിക്കിസി മോണ്ടിമാർക്വെറ്റ് (22), മാരി മല്ലൂസ് (28), ലാവൽ സ്വദേശി അബ്ദുല്ല ഫാറൂ (22) എന്നിവരാണ് അറസ്റ്റിലായത്. മൺട്രിയോൾ സ്വദേശികളായ മേരി-സാൻഡി ഡിസിർ (30), ഷൈന ഫൗസ്റ്റിൻ (31), കെയ്ൽ കെയ്ൻ (21), ലാവലിൽ നിന്നുള്ള ജമാൽ ചെറി (21) എന്നിവർക്കാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
2024 ജൂലൈയിൽ, ലെക്സസ് എസ്‌യുവികൾ, ടൊയോട്ട എസ്‌യുവികൾ, ട്രക്കുകൾ, റാം ട്രക്കുകൾ എന്നിവ ലക്ഷ്യമിട്ട് പിയേഴ്‌സൺ ഇൻ്റർനാഷണൽ എയർപോർട്ടിലും പരിസരത്തും ഒരു കാർ മോഷണ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതായി എയർപോർട്ട് ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (സിഐബി) അറിയിച്ചു. എയർപോർട്ട് ഡിവിഷൻ ഫ്രണ്ട്‌ലൈൻ പട്രോൾ, ഗ്രേറ്റർ ടൊറൻ്റോ എയർപോർട്ട് അതോറിറ്റി, കാനഡ ബോർഡർ സർവീസസ് ഏജൻസി എന്നിവരുമായി സഹകരിച്ച് ടൊറൻ്റോ, ഹാൾട്ടൺ, യോർക്ക് എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ മോഷ്‌ടാക്കൾ ഉപയോഗിച്ച പ്രത്യേക രീതികളും തന്ത്രങ്ങളും വിമാനത്താവള പരിസരത്തും പുറത്തും ഉപയോഗിക്കുന്ന റൂട്ടുകളും കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.