ഓട്ടവ : ന്യൂ ഓർലിൻസ് ആക്രമണത്തിനും ജർമ്മനി ക്രിസ്മസ് മാർക്കറ്റ് സംഭവത്തിനും ശേഷം അപകടസാധ്യത കണക്കിലെടുത്ത് കാനഡയിലുടനീളം സുരക്ഷാ ശക്തമാക്കാനൊരുങ്ങി കാനഡ പൊലീസ്. കാനഡ ഡേ പോലുള്ള ആഘോഷ പരിപാടികളിൽ ജനങ്ങളുടെ സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കാനഡ ദിനം പോലുള്ള പരിപാടികൾക്കോ പാർലമെൻ്റ് ഹില്ലിലെ പ്രതിഷേധങ്ങൾക്കോ വേണ്ടി ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുന്നതിനു മുമ്പ് കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കാറുണ്ടെന്ന് ഓട്ടവ പൊലീസ് സർവീസ് സൂപ്രണ്ട് ഫ്രാങ്കോയിസ് ഡി ഓസ്റ്റ് പറഞ്ഞു. നഗരത്തിലേക്ക് അനധികൃതമായ വാഹന പ്രവേശനം തടയുന്ന ബൊള്ളാർഡുകൾ ഉൾപ്പെടെ എല്ലാ സമയത്തും സുരക്ഷാ നടപടികളും നിലവിലുണ്ട്. കാനഡയിലെ ആഘോഷ വേളകളിൽ വാഹനങ്ങളെ ആശ്രയിക്കാതെ കാൽനടയായി യാത്ര ചെയ്യണമെന്ന് മുൻ ഒപിപി കമ്മീഷണർ ക്രിസ് ലൂയിസ് പറഞ്ഞു. പ്രധാന പരിപാടികളിൽ റോഡ് തടയാൻ ഉദ്യോഗസ്ഥർ പൊലീസ് വാഹനങ്ങളും ഡംപ് ട്രക്കുകളും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.