ഗാസ : വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച്ച രാവിലെയുമായി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു. നുസെറാത്ത്, സവൈദ, മഗാസി, ദേർ അൽ ബലാഹ് ഉൾപ്പടെ സെൻട്രൽ ഗാസയിലെ വിവിധ സ്ഥലങ്ങളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു ഡസനിലധികം സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി അൽ അഖ്സ ആശുപത്രി ജീവനക്കാർ അറിയിച്ചു. ഇതോടെ ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു.
![](http://mcnews.ca/wp-content/uploads/2024/05/bineesh-1024x614.jpeg)
ഗാസയിലുടനീളമുള്ള ഹമാസ് കേന്ദ്രങ്ങളും കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകളും ഇസ്രയേൽ സൈന്യം ആക്രമിച്ചു. വെള്ളിയാഴ്ച പുലർച്ചെ കൊല്ലപ്പെട്ടവരിൽ ഒമർ അൽ ദേരാവി എന്ന ഫ്രീലാൻസ് ജേണലിസ്റ്റും ഉൾപ്പെടുന്നു. സെൻട്രൽ ഗാസയുടെ ഒരു പ്രദേശം ഉടൻ വിട്ടുപോകണമെന്ന് ഇസ്രയേൽ വെള്ളിയാഴ്ച്ച മുന്നറിയിപ്പ് നൽകി.
അതിനിടെ, യെമനിൽ നിന്ന് രാജ്യത്തേക്ക് മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്രയേൽ അറിയിച്ചു. അതിനാൽ, ജെറുസലേമിലും മധ്യ ഇസ്രയേലിലും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുകയും ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ, ഇസ്രയേൽ മന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിൽ ചർച്ചകൾ തുടരാൻ പ്രതിനിധി സംഘത്തിന് അനുമതി നൽകി.