ഹാലിഫാക്സ് : തിങ്കളാഴ്ച രാത്രി നോവസ്കോഷ പോക്ക്‌വോക്ക് ലേക്ക് ജലശുദ്ധീകരണ കേന്ദ്രത്തിലെ ക്ലോറിനേഷൻ സംവിധാനം തകരാറിലായതോടെ കുടിവെള്ള പ്രതിസന്ധിയിൽ ഹാലിഫാക്സ് മേഖലയിലെ ജനങ്ങൾ. ഇതോടെ ബീവർ ബാങ്ക്, മിഡിൽ ആൻഡ് ലോവർ സാക്ക്‌വിൽ, അപ്പർ ഹാമണ്ട്സ് പ്ലെയിൻസ്, ബെഡ്‌ഫോർഡ്, ഫാൾ റിവർ, ഹാലിഫാക്സ്, ടിംബർലിയ, സ്‌പ്രൈഫീൽഡ്, ഹെറിംഗ് കോവ് എന്നിവിടങ്ങളിൽ വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ഹാലിഫാക്സ് വാട്ടർ. രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കൾ പ്രതിസന്ധിയിലാണ്.
ഹാമണ്ട്സ് പ്ലെയിൻസ് മേഖലയിൽ ഉണ്ടായ വൈദ്യുതി മുടക്കമാണ് പ്രശ്നത്തിന് കാരണമായതെന്ന് ഹാലിഫാക്സ് വാട്ടർ വക്താവ് ബ്രിട്ടാനി സ്മിത്ത് പറഞ്ഞു. വൈദ്യുതി മുടക്കസമയത്ത്, ബാക്കപ്പ് സംവിധാനം ആരംഭിച്ചെങ്കിലും പോക്ക്‌വോക്ക് റോഡിലെ ജെ. ഡഗ്ലസ് ക്ലൈൻ വാട്ടർ സപ്ലൈ പ്ലാൻ്റിൽ വൈദ്യുത തകരാർ സംഭവിക്കുകയും ഫ്യൂസ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇത് ജലശുദ്ധീകരണ കേന്ദ്രത്തിലെ ക്ലോറിനേഷൻ പ്രക്രിയയെ ബാധിച്ചതായി ബ്രിട്ടാനി സ്മിത്ത് അറിയിച്ചു. ഹാലിഫാക്സ് വാട്ടർ, നോവസ്കോഷ ഹെൽത്ത്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് എന്നിവയുമായി ചേർന്ന് ജലം പരിശോധിക്കുന്നുണ്ട്. വെള്ളം കുടിക്കുന്നത് സുരക്ഷിതമാകുമ്പോൾ അറിയിപ്പ് നൽകുമെന്നും അവർ പറയുന്നു.