ഡല്‍ഹി: ത്രികോണ പോരാട്ടത്തിന്റെ ചൂടില്‍ ഡല്‍ഹിയില്‍ ഇന്ന് കലാശക്കൊട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് ആറ് മുതല്‍ നിശബ്ദ പ്രചാരണമാണ്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണല്‍ നടക്കും.
വാശിയേറിയ പ്രചാരണത്തില്‍ മുന്നണികളിലെ പ്രധാനപ്പെട്ട നേതാക്കള്‍ എല്ലാം സജീവമാണ്. കോണ്‍ഗ്രസ് , ബിജെപി , ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖമായി മാറുന്നുണ്ട്. എംപിമാരായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് കോണ്‍ഗ്രസിനെ മുന്നില്‍ നിന്നും നയിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇന്നലെ ആര്‍കെ പുരത്ത് ഉള്‍പ്പെടെ ബിജെപി 51 പ്രചാരണ പരിപാടികളും റാലികളും സംഘടിപ്പിച്ചിരുന്നു. ഇന്നും പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി ഇന്ന് ഡല്‍ഹിയില്‍ റോഡ് ഷോ നടത്തും.
ഭരണത്തുടര്‍ച്ചക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുമ്പോള്‍,ഒരു അട്ടിമറിയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതെസമയം ഭരണപക്ഷത്തുനിന്നുള്ള എംഎല്‍എമാര്‍ രാജിവെച്ചത് ബിജെപിയില്‍ ചേര്‍ന്നത് ആം ആദ്മി പാര്‍ട്ടിയില്‍ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ നഷ്ടമാകുമോ എന്നാണ് എഎപിയെ ആശങ്കയിലാക്കുന്നത്.