പൊതുപ്രവര്‍ത്തനത്തിലെ തന്‍റെ ആദ്യത്തെ മാര്‍ഗദര്‍ശിക്ക് മുന്നില്‍ ഓസ്‌ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി ജിന്‍സണ്‍ ആന്‍റോ ചാള്‍സ് ആദരവോടെ നിന്നു. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും ഇത് അഭിമാനനിമിഷം. കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്‍റെ മമ്മൂട്ടി–മോഹന്‍ലാല്‍ ചിത്രത്തിന്‍റെ സെറ്റിലായിരുന്നു അപൂര്‍വ കൂടിക്കാഴ്ച. ഓസ്‌ട്രേലിയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മമ്മൂട്ടിയെ കാണാനെത്തിയ ജിന്‍സന്‍, തന്റെ പ്രിയതാരത്തെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു.ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗികകത്ത് ജിന്‍സണ്‍ മമ്മൂട്ടിക്ക് കൈമാറി. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി ഹൃദയപൂര്‍വം സ്വീകരിച്ചു. ചെറിയ കാലംകൊണ്ട് ഭിന്ന മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭരണതലപ്പത്തേക്ക് എത്തിയ ജിന്‍സനെ മമ്മൂട്ടി അഭിനന്ദിച്ചു.വര്‍ഷങ്ങളോളം മമ്മൂട്ടിയുടെ കാരുണ്യദൗത്യങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ജിന്‍സണ്‍ കാണാനെത്തിയപ്പോള്‍ മമ്മൂട്ടി ചുറ്റും നിന്നവരോടുമായി പറഞ്ഞു: ‘നമ്മുടെ ഫാന്‍സിന്‍റെ പഴയ ആളാ…’ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാട്ടിലുണ്ടായിരുന്ന കോട്ടയം പാലാ സ്വദേശിയായ ജിന്‍സണ്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്ന ദിവസമാണ് മമ്മൂട്ടിയെ കാണാനെത്തിയത്. ഓസ്‌ട്രേലിയയിലേക്ക് കൊച്ചിയില്‍നിന്ന് നേരിട്ട് വിമാനസര്‍വീസ് തുടങ്ങുന്നതിനായി സര്‍ക്കാരിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിച്ചൂടേയെ എന്നായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചോദ്യം. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെക്കുറിച്ചും അവിടത്തെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചുമെല്ലാം കണ്ടറിഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ജിന്‍സണ് അദ്ഭുതം. മമ്മൂട്ടി കുടുംബത്തിനും സുഹൃത്ത് രാജാശേഖരനും ജീവ കാരുണ്യ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യാക്കോസിനുമൊപ്പം ഓസ്‌ട്രേലിയയില്‍ നടത്തിയ ദീര്‍ഘദൂര കാര്‍ യാത്രയുടെ വിശേഷങ്ങളും റോഡ്, ട്രാഫിക് പെരുമകളും അദ്ദേഹം പങ്കുവച്ചു.
ജീവിതത്തില്‍ ഏറെ കടപ്പാടും സ്നേഹവുമുള്ള മനുഷ്യനാണ് മമ്മൂട്ടിയെന്നും നടനപ്പുറം ലോകമറിയാതെ അദ്ദേഹം ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്നും ജിന്‍സന്‍ ചാള്‍സ് പ്രതികരിച്ചു.2007ൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷനുമായി സഹകരിച്ച് ‘കാഴ്ച്ച’ എന്ന സൗജന്യ നേത്ര ചികത്സാ പദ്ധതിക്ക് രൂപം കൊടുത്തപ്പോൾ ആശുപത്രിയിൽ നിന്നുള്ള വിദ്യാർത്ഥി വോളന്റിയേഴ്‌സിനെ നയിച്ചത് അന്നത്തെ അവിടുത്തെ നഴ്സിങ് വിദ്യാർത്ഥി ആയിരുന്ന ജിൻസൻ ആയിരുന്നു. നേത്ര ചികിത്സാ ക്യാമ്പുകളിൽ സജീവ സാന്നിധ്യമായിരുന്ന ജിൻസൻ പിന്നീട് മമ്മൂട്ടി, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ചപ്പോൾ അതില്‍ സജീവ സാന്നിധ്യമാവുകയിരുന്നു. പിന്നീട് ആസ്‌ട്രേലിയയിലേക്ക് കുടിയേറിയപ്പോഴും പ്രിയനടന്റെ സാമൂഹിക സേവനപദ്ധതികളുടെ ഭാഗമായി തന്നെ ജിന്‍സന്‍ തുടർന്നു. പ്രവാസി മലയാളികൾക്കും അവരുടെ നാട്ടിലെ മാതാ പിതാക്കൾക്കുമായി ഫാമിലി കണക്റ്റ് പദ്ധതി കെയർ ആൻഡ് ഷെയർ ആരംഭിച്ചപ്പോൾ ജിൻസനായിരുന്നു പദ്ധതിയുടെ പ്രധാന സംഘടകൻ. ഫാമിലി കണക്റ്റ് പദ്ധതിയുടെ ഓസ്‌ട്രേലിയൻ കോർഡിനേറ്റർ ആയിരിക്കുമ്പോഴാണ് ജിൻസനെ ലിബറൽ പാർട്ടി അവരുടെ സ്ഥാനാർഥിയായി നിശ്ചയിക്കുന്നത്.ജിൻസന്റെ വിദ്യാഭ്യാസവും ഔദ്യോഗിക പദവികളിലെ നേട്ടങ്ങളും പരിഗണിച്ചപ്പോൾ തന്നെ ഓസ്ട്രലിയയിലെ നൂറുകണക്കിന് മലയാളികൾക്ക് പ്രയോജനപ്പെട്ട ഫാമിലി കണക്റ്റ് പദ്ധതിയിലൂടെ ജിൻസന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളും പാർട്ടി കണക്കിലെടുത്തിരുന്നു. ആലുവ രാജഗിരി ആശുപത്രി ഉൾപ്പെടെ നിരവധി ആശുപത്രികൾ പങ്കാളികൾ ആകുന്ന പദ്ധതിയാണ് ഫാമിലി കണക്റ്റ്. ഇനിയും ഏറെക്കാലം മന്ത്രിയായി തുടരാനാകട്ടെ എന്ന് ആശംസിച്ചാണ് ജിന്‍സനെ മമ്മൂട്ടി യാത്രയാക്കിയത്. നിര്‍മാതാവ് ആന്റോ ജോസഫ്, കെയർ ആൻഡ് ഷെയർ ഡയറക്ടറും മമ്മൂട്ടിയുടെ മാനേജരുമായ ജോർജ് സെബാസ്റ്റ്യൻ, പ്രോഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.