ഓട്ടവ : ചൊവ്വാഴ്ച മുതൽ 25% ഇറക്കുമതി താരിഫുകൾക്ക് വിധേയമാകുന്ന യുഎസ് ഉൽപ്പന്നങ്ങളുടെ മുഴുവൻ പട്ടികയും പുറത്തിറക്കി കാനഡ. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്ക് മറുപടിയായാണ് നടപടി. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശനിയാഴ്ച പ്രഖ്യാപിച്ച യുഎസിനെതിരെയുള്ള പ്രതികാര താരിഫിൽ രണ്ട് ഘട്ടങ്ങളിൽ ആദ്യത്തേതാണ് ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നത്. ഇതിൽ 3,000 കോടി ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങളെ കാനഡ ലക്ഷ്യമിടുന്നു. 21 ദിവസത്തിന് ശേഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടത്തിൽ 12,500 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്കാണ് താരിഫ് ചുമത്തുന്നത്.
ഭക്ഷണ പാനീയങ്ങൾ, വാഹന ഭാഗങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ആക്സസറികൾ, അടിവസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ലഗേജ്, വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, മോട്ടോർ സൈക്കിളുകൾ, പുകയില, തടി, പേപ്പർ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്കാണ് താരിഫ് ഈടാക്കുക. ഈ നടപടി യുഎസിലെ പ്രധാന പങ്കാളികളിൽ സ്വാധീനം ചെലുത്തും. ആഭ്യന്തരമായി നിർമ്മിച്ച ഇതരമാർഗങ്ങൾ ഉള്ളതിനാൽ കാനഡക്കാരുടെ സ്വാധീനം കുറയ്ക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളായതിനാലാണ് ഈ ഇനങ്ങൾ തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
കനേഡിയൻ ഗവൺമെൻ്റ് ഉടൻ തന്നെ താരിഫ് ചുമത്തുന്ന യുഎസ് ഉൽപ്പന്നങ്ങളുടെ രണ്ടാമത്തെ ലിസ്റ്റ് പുറത്തിറക്കും. അതിൽ യാത്രാ വാഹനങ്ങൾ, ട്രക്കുകളും ബസുകളും, വിനോദ വാഹനങ്ങളും ബോട്ടുകളും, സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾ, എയ്‌റോസ്‌പേസ് ഉൽപ്പന്നങ്ങൾ തുടങ്ങിയ ഉൾപ്പെടുമെന്ന് ധനവകുപ്പ് പറയുന്നു.