നെവാഡ : നഗരത്തിലെ കന്നുകാലികളിൽ പുതിയ പക്ഷിപ്പനി ബാധിച്ചതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ. D1.1 എന്നറിയപ്പെടുന്ന പുതിയ വകഭേദം വെള്ളിയാഴ്ച നെവാഡയിലെ കന്നുകാലികളിൽ സ്ഥിരീകരിച്ചതായി USDA അറിയിച്ചു. കഴിഞ്ഞ വർഷം മുതൽ അമേരിക്കയിലെ കന്നുകാലികളിൽ പടർന്നുപിടിച്ച വകഭേദത്തിനേക്കാൾ വ്യത്യസ്തമാണ് പുതിയ പതിപ്പെന്നും അധികൃതർ പറയുന്നു. നെവാഡയിൽ പടർന്ന് പിടിച്ചിരിക്കുന്നത് ടൈപ്പ് എ എച്ച്5എൻ1 എന്നറിയപ്പെടുന്ന വൈറസിൻ്റെ വ്യത്യസ്ത രൂപമാണ്. കാട്ടുപക്ഷികളിൽ നിന്നാണ് കന്നുകാലികളിലേക്ക് ടൈപ്പ് എ എച്ച്5എൻ1 അണുബാധ പടർന്നത്. പക്ഷിയിൽ നിന്നും കന്നുകാലികളിലേക്ക് വൈറസ് പടരുന്നത് അപൂർവമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

B3.13 എന്നറിയപ്പെടുന്ന H5N1 പക്ഷിപ്പനി വൈറസ് 2023 അവസാനത്തോടെ യുഎസിലെ കന്നുകാലികളിൽ പടർന്നു പിടിച്ചിരുന്നു. ഈ അണുബാധ 16 സംസ്ഥാനങ്ങളിലായി ആയിരത്തോളം കന്നുകാലികളെ ബാധിച്ചു. ഇതിനിടെ കാട്ടുമൃഗങ്ങളുമായും പക്ഷികളുമായും സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് ലൂയിസിയാനയിൽ ഒരാൾ ജനുവരിയിൽ മരിച്ചിരുന്നു. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ കണക്കനുസരിച്ച്, യുഎസിൽ കുറഞ്ഞത് 67 പേർക്കെങ്കിലും പക്ഷിപ്പനി ബാധിച്ചിട്ടുണ്ട്. കൂടുതലും ക്ഷീരോൽപ്പാദനം അല്ലെങ്കിൽ കന്നുകാലികളുമായി അടുത്ത് പ്രവർത്തിക്കുന്നവർക്കാണ് പക്ഷിപ്പനി ബാധിച്ചത്.