ടൊറന്റോ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഡി മിനിമിസ് ഇളവ് നിർത്തലാക്കാനുള്ള പദ്ധതിയിൽ കനേഡിയൻ വ്യാപാരികൾ ആശങ്കയിൽ. പ്രസ്തുത ഇളവ് പ്രകാരം കനേഡിയൻ വ്യാപാരികൾക്ക് 800 യുഎസ് ഡോളർ വരെ വിലയുള്ള പാക്കേജുകൾ അമേരിക്കൻ ഉപഭോക്താക്കൾക്ക് തീരുവയില്ലാതെ അയയ്ക്കാൻ സാധിച്ചിരുന്നു. ഓൺലൈൻ ഭീമന്മാരുമായി മത്സരിക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് അതിർത്തി കടന്നുള്ള വിൽപ്പന ചിലവ് കുറഞ്ഞതാക്കാനും സഹായിക്കുന്നതായിരുന്നു പദ്ധതി.
ഡി മിനിമിസ് ഇളവ് റദ്ദാക്കിയാൽ, അധിക ഫീസ് അടയ്ക്കാനോ രേഖകൾ സമർപ്പിക്കാനോ തയ്യാറാകാത്ത യുഎസ് ഉപഭോക്താക്കളെ നഷ്ടമാകുമെന്ന ഭയത്തിലാണ് കനേഡിയൻ സംരംഭകർ.ഈ അനിശ്ചിതത്വം ഇതിനകം തന്നെ കനേഡിയൻ കമ്പനികളെ ബാധിച്ചതായി കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് സീനിയർ പോളിസി അനലിസ്റ്റ് ലോറി ഓഗർ പറയുന്നു. ചില വ്യാപാരികൾ താൽക്കാലിക പിരിച്ചുവിടലുകളോ അടച്ചുപൂട്ടലുകളോ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുസ്തകങ്ങൾ, കലകൾ, കരകൗശല വസ്തുക്കൾ തുടങ്ങിയ ചെറിയ ഇനങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ ശ്രമിക്കുന്ന സംരംഭകരെ ഇത് പ്രതിസന്ധിയിലാക്കുമെന്നും ലോറി ഓഗർ കൂട്ടിച്ചേർത്തു.

നിലവിൽ കാനഡയുടെ ഡി മിനിമിസ് പരിധി യുഎസ് പരിധിയേക്കാൾ കുറവാണ്. 40 കനേഡിയൻ ഡോളറിൽ നിന്നാണ് നികുതികൾ ആരംഭിക്കുന്നതെങ്കിലും, 150 കനേഡിയൻ ഡോളറിന് മുകളിലുള്ള സാധനങ്ങൾക്കാണ് തീരുവ ബാധകമായിട്ടുള്ളത്. ഇത് രണ്ട് രാജ്യങ്ങളുടെയും വ്യാപാര നയങ്ങളിലെ വ്യത്യാസത്തെ സൂചിപ്പിക്കുന്നു. ചൈനയിൽ നിന്നുള്ള ചെറിയ പാക്കേജുകളുടെ ഡ്യൂട്ടി ഫ്രീ ഈടാക്കുന്നത് യുഎസ് ഈ ആഴ്ച റദ്ദാക്കിയിരുന്നു. അതേസമയം, ചൈനയ്ക്കുള്ള ഡി മിനിമിസ് റദ്ദാക്കൽ അമേരിക്ക താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.