ജെറുസലേം : അധിനിവേശ കിഴക്കൻ ജറുസലേമിലെ പലസ്തീൻ പുസ്തകശാല ഉടമകളെ അറസ്റ്റ് ചെയ്ത ഇസ്രയേൽ നടപടിയിൽ പ്രതിഷേധം ശക്തം. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പുസ്തകശാലയിൽ റെയ്ഡ് നടത്തിയ ശേഷം, മഹ്മൂദ് മുന, അനന്തരവനായ അഹമ്മദ് എന്നിവരെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുസ്തകശാലകൾ അധികൃതർ അടച്ച് പൂട്ടി. സംഭവം ക്രൂരവും നീതീകരിക്കാനാവാത്തതുമാണെന്ന് പ്രദേശത്തെ സാംസ്‌കാരിക – മാധ്യമ സമൂഹം പ്രതികരിച്ചു.

‘റിവർ ടു ദി സീ’ എന്ന കുട്ടികളുടെ കളറിംഗ് പുസ്തകങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഭീകരവാദ ആരോപണം ഉയർത്തിയത്. പുസ്തകശാലയുടെ മൂന്ന് ശാഖകളിൽ രണ്ടെണ്ണത്തിലായിരുന്നു റെയ്ഡ്. സ്ഥിരം ഉപഭോക്താക്കളെപ്പോലെയാണ് ഏജന്റുമാർ എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. അഞ്ച് മിനിറ്റിനുശേഷം, സെർച്ച് വാറണ്ട് ഹാജരാക്കി എല്ലാവരോടും പുറത്തേക്ക് പോകാൻ ഉത്തരവിട്ടു. പിന്നാലെ ഉടമകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചില പുസ്തകങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിരവധി പേരാണ് അറസ്റ്റിനെ അപലപിച്ച് കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്ത് എത്തിയത്.