ടൊറൻ്റോ : പ്രവിശ്യാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഡഗ് ഫോർഡിൻ്റെ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ശക്തമായ ലീഡ് തുടരുന്നതായി പുതിയ സർവേ റിപ്പോർട്ട്. നാനോസ് റിസർച്ച് സർവേയിൽ പങ്കെടുത്ത വോട്ടർമാരിൽ 45.8% പേർ പിസികളെ പിന്തുണയ്ക്കുന്നു. അതേസമയം ലിബറൽ പാർട്ടിക്ക് 29.7% പേരുടെ പിന്തുണയാണ് ലഭിച്ചത്. 15.9% പേർ എൻഡിപിക്ക് വോട്ട് ചെയ്യുമെന്നും 6.7% പേർ ഗ്രീൻ പാർട്ടിക്ക് പിന്തുണ നൽകുമെന്നും സർവേയിൽ പ്രതികരിച്ചു.

ഒൻ്റാരിയോ പ്രീമിയർ എന്ന നിലയിൽ ഡഗ് ഫോർഡിന് ഇപ്പോൾലിബറൽ ലീഡർ ബോണി ക്രോംബിയെക്കാൾ 17 പോയിൻ്റ് ലീഡുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 41.2% പേർ ഫോർഡാണ് തങ്ങളുടെ പ്രധാന ചോയ്സ് എന്ന് അഭിപ്രായപ്പെട്ടപ്പോൾ 24.4% പേർ ക്രോംബിയെ തിരഞ്ഞെടുത്തു. അതേസമയം 7.5% പേർ പ്രവിശ്യയെ നയിക്കാനുള്ള ഏറ്റവും നല്ല ഓപ്ഷൻ എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസ് ആണെന്നും 13.9% പേർ ഗ്രീൻ പാർട്ടി ലീഡർ മൈക്ക് ഷ്രെയ്നർ ആണെന്നും പറയുന്നു.

പ്രവിശ്യയിലുടനീളമുള്ള എല്ലാ പ്രദേശങ്ങളിലും പിസികൾ ലീഡ് ചെയ്യുമ്പോൾ, ടൊറൻ്റോയിൽ ലിബറൽ പാർട്ടിയുമായി കടുത്ത മത്സരം നേരിടുന്നു. ടൊറൻ്റോയിൽ നിന്ന് സർവേയിൽ പ്രതികരിച്ചവരിൽ 36.9% പേർ പിസികളെ പിന്തുണയ്ക്കുമ്പോൾ, സർവേയിൽ പങ്കെടുത്ത ടൊറൻ്റോ നിവാസികളിൽ 34.8% പേർ ലിബറലിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞു. 21.6% പേർ എൻഡിപിയെ പിന്തുണയ്ക്കാമെന്നും 4.6% പേർ ഗ്രീൻ പാർട്ടിക്ക് വോട്ട് ചെയ്യുമെന്നും പറഞ്ഞു. എന്നാൽ, ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളം പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിക്ക് വ്യക്തമായ ലീഡുണ്ട്. 54.9% ജിടിഎ വോട്ടർമാർ പിസികൾക്ക് വോട്ട് ചെയ്യുമെന്ന് സർവേ സൂചിപ്പിക്കുന്നു. അതേസമയം ലിബറലുകൾക്ക് 26.3 ശതമാനവും എൻഡിപിക്ക് 11.7 ശതമാനവും ഗ്രീൻ പാർട്ടിക്ക് 6.4 ശതമാനവും പിന്തുണയാണ് ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുള്ളത്.